കൊവിഡ് കാലത്ത് ജനിച്ചു; മകൾക്ക് 'കൊറോണ' എന്ന് വിളിപ്പേര് നൽകി തൃണമൂല്‍ കോൺ​ഗ്രസ് എംപി

By Web TeamFirst Published May 7, 2020, 6:16 PM IST
Highlights

കുടുംബവും ഭർത്താവും കുഞ്ഞിന് ഈ പേര് നൽകിയതിൽ വളരെ സന്തുഷ്ടരാണെന്ന് അപരൂപയും കൂട്ടിച്ചേർത്തു. അപരൂപയ്ക്ക് അഫ്രിൻ അലി എന്ന മറ്റൊരു പേരുമുണ്ട്.

കൊൽക്കത്ത: ആശങ്കയുടെ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞ വാക്കുകൾ കൊറോണ, കൊവിഡ്, ലോക്ക്ഡൗൺ എന്നിവ ആയിരിക്കും. അതുകൊണ്ട് തന്നെ പല സംസ്ഥാനങ്ങളിലും ഈ അടുത്ത കാലങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് നൽകിയ പേരും ഇവയൊക്കെയാണ്. ഇപ്പോഴിതാ തന്റെ കുഞ്ഞിന് കൊറോണ എന്ന് വിളിപ്പേര് നൽകിയിരിക്കുകയാണ് ഒരു എംപി.

പശ്ചിമ ബംഗാളിലെ അരാംബാഗിൽ നിന്നുള്ള തൃണമൂല്‍ കോൺ​ഗ്രസ് എംപിയായ അപരൂപ പൊഡ്ഡർ ആണ് തന്റെ പെൺകുഞ്ഞിന് കൊറോണ എന്ന് വിളിപ്പേര് നൽകിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ ലോകം പോരാടുന്നതിനിടെ ജനിച്ചതിനാൽ മകൾക്ക് ഈ പേര് നൽകാൻ അപരൂപയും ഭർത്താവ് സാക്കിർ അലിയും തീരുമാനിക്കുകയായിരുന്നു.

"ഞങ്ങൾക്ക് ഒരു മകൾ ജനിച്ചു. ഇത് ഞങ്ങളുടെ രണ്ടാമത്തെ കുട്ടിയാണ്. കൊറോണ വൈറസ് ലോക്ക്ഡൗണിനിടയിൽ ജനിച്ചതിനാലാണ് അവളുടെ വിളിപ്പേര് കൊറോണ എന്നിട്ടത്"സാക്കിർ അലി പറഞ്ഞു.  കുടുംബവും ഭർത്താവും കുഞ്ഞിന് ഈ പേര് നൽകിയതിൽ വളരെ സന്തുഷ്ടരാണെന്ന് അപരൂപയും കൂട്ടിച്ചേർത്തു. അപരൂപയ്ക്ക് അഫ്രിൻ അലി എന്ന മറ്റൊരു പേരുമുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലെയും പോലെ ബംഗാളിലും നവജാത ശിശുവിന് രണ്ട് പേരുകൾ നൽകുന്ന പാരമ്പര്യമുണ്ട്. ആദ്യത്തേത് വിളിപ്പേരായിരിക്കും. കുടുംബത്തിലെ മുതിർന്നവർ ആരെങ്കിലുമോ ഏറ്റവും ആദരണീയനായ വ്യക്തിയോ നൽകുന്ന പേരാകും രണ്ടാമത്തേത്. 

മകളുടെ പേര് നിർദ്ദേശിക്കാൻ മമത ബാനർജിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സാക്കിർ അലി പറയുന്നു. "നല്ല പേര് അല്ലെങ്കിൽ ഔദ്യോഗിക നാമം നമ്മുടെ മുഖ്യമന്ത്രി മമത ബാനർജി നൽകും. അവളുടെ പേര് നിർദ്ദേശിക്കാൻ ഞാൻ  മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്,"അദ്ദേഹം വ്യക്തമാക്കി. അരാംബാഗിൽ നിന്ന് തുടർച്ചയായി രണ്ട് തവണയായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എംപിയാണ് അപരുപ.

click me!