
ദില്ലി : തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധിയിൽ ഇരുപക്ഷത്തെയും കേൾക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർള. പാർട്ടിയിലെ വിമത നീക്കങ്ങളെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക നേതൃത്വത്തിനും വിമത എംപിമാർക്കും സ്പീക്കറുടെ ഓഫീസ് കത്തയച്ചിട്ടുണ്ട്. മമത പക്ഷത്തെയും വിമതരെയും കേട്ട ശേഷം ലയനത്തിൽ തീരുമാനമെടുക്കാനാണ് തീരുമാനം. ഇരുപക്ഷത്തെയും കേൾക്കാൻ ക്ഷണിച്ചു.
തൃണമൂൽ കോൺഗ്രസ് വിട്ട വിമത എംപിമാർ ഒന്നടങ്കം എൻസിപിഐയിൽ ലയിക്കുമെന്ന പ്രഖ്യാപനം വന്നതോടെ കൂടുതൽ കലുഷിതമായി ബംഗാളിലെ രാഷ്ട്രീയ നാടകം. കൂടുതൽ പേർ വിമതർക്കൊപ്പം ചേർന്നേക്കുമെന്നാണ് സൂചന. മമത ബാനർജിയുടെ അടുത്ത അനുയായിയും കൊൽക്കത്ത പോർട്ട് എംഎൽഎയുമായ ഫിർഹാദ് ഹക്കിം ബിജെപി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ സുവേദു അധികാരിക്ക് ഒപ്പം പരിപാടിയിൽ പങ്കെടുത്തു. മമത ബാനർജിയുടെ സഹോദരി ഭർത്താവായ കൗൺസിലറും പരിപാടിയിൽ പങ്കെടുത്തു. കാകോലി ഘോഷ് ദസ്തിദാർ എൻസിപിഐ അധ്യക്ഷയാകും. എൻസിപിഐയിൽ 20 എംപിമാർ ചേർന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ ഇതിനോടകം അറിയിച്ചു.
എന്നാൽ വിമതർ ചേർന്ന എൻസിപിഐ പാർട്ടി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ടിഎംസി ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമില്ലാത്ത പാർട്ടിയിൽ എംപിമാർ ചേർന്നത് ജനാധിപത്യവിരുദ്ധമെന്നും കീർത്തി ആസാദ് എംപി അഭിപ്രായപ്പെട്ടു.
ടിഎംസി അധ്യക്ഷയായ മമത ബാനർജിയുടെ അനുമതിയില്ലാതെ ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ വിമതർക്ക് സാധിക്കാതെ വന്നതോടെയാണ് എവിടെയും കേൾക്കാത്ത ഒരു ചലനവുമുണ്ടാക്കാത്ത എൻസിപിഐ എന്ന പർട്ടിയിൽ ലയിക്കാൻ തീരുമാനിച്ചത്. മൂന്നിൽ രണ്ട് എംപിമാർ മറ്റൊരു പാർട്ടിയിൽ ലയിക്കുന്നതോടെ ഇരുപത് എംപിമാരുടെ അയോഗ്യത ഒഴിവാകുമെന്നാണ് വിമതർ പറയുന്നത്. എന്നാൽ വിമതർക്ക് അയോഗ്യത ഒഴിവാക്കാൻ ഇതുകൊണ്ടും സാധിക്കില്ലെന്നാണ് വിദഗ്ധരടക്കം പറയുന്നത്.
എംപിമാരല്ല പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗം മറ്റൊരു പാർട്ടിയിൽ ലയിച്ചാൽ മാത്രമേ അയോഗ്യത ഒഴിവാകൂവെന്ന് മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയും ചൂണ്ടിക്കാട്ടി. ഈ വാദം ഏറ്റെടുത്ത ടിഎംസി മമത പക്ഷം വിമതരെ കയറ്റാതെ ബിജെപി വാതിലടച്ചെന്നും, വെറും അതിഥികളായി മാത്രമാണ് വിമതരെ പരിഗണിച്ചതെന്നും പരിഹസിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam