
കൊൽക്കത്ത: ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ച് കൊവിഡ് ലക്ഷണം കാണിച്ചയാളെ ആശുപത്രിയിൽ എത്തിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. ഗോപിബല്ലവ്പൂരിലെ ടിഎംസിയുടെ യുവജന വിഭാഗം പ്രസിഡന്റ് സത്യകം പട്നായിക്കാണ് അമൽ ബാരിക്ക് എന്നയാളെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചത്.
അടുത്തിടെ ഗ്രാമത്തിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളിയായ അമലിന് കഴിഞ്ഞ ആറ് ദിവസമായി കടുത്ത പനി ഉണ്ടായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസോ മറ്റ് വാഹനമോ ക്രമീകരിക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല. കൊവിഡ് ബാധിച്ചതായി സംശയിച്ച് കുടുംബത്തെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നും ആരോപണമുണ്ട്.
വിവരം അറിഞ്ഞ ഉടനെ പാർട്ടി പ്രവർത്തകരോട് ഒരു ബൈക്ക് ക്രമീകരിക്കാൻ പട്‌നായിക് ആവശ്യപ്പെടുകയും പിപിഇ കിറ്റ് വാങ്ങുകയും ചെയ്തു. പിന്നാലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അമലിന്‍റെ ഭാര്യയും രണ്ട് മക്കളും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ അസ്വസ്ഥരായിരുന്നുവെന്നും പട്നായിക് പറഞ്ഞു.
ബൈക്കിൽ ഗോപിബല്ലവ്പൂർ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് അമലിനെ കൊണ്ടുപോയത്. അവിടത്തെ ഡോക്ടർമാർ അയാളെ പരിശോധിക്കുകയും കുറച്ച് മരുന്നുകൾ നിർദ്ദേശിക്കുകയും ചെയ്തു. പിന്നാലെ വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. പട്‌നായിക്, പിപിഇ ധരിച്ച് ബൈക്ക് ഓടിക്കുന്നതും അമലിനെ ആശുപത്രിയില്‍ എത്തിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ മഹാമാരിയ്ക്കിടയിൽ ജനങ്ങളോടൊപ്പം നിൽക്കാൻ താൻ ആഗ്രഹിക്കുന്നതായി പട്‌നായിക് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam