
ആദിലാബാദ്: ആദ്യ ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ ആദിലാബാദിലാണ് സംഭവം. കെആർകെ കോളനിയിൽ താമസിക്കുന്ന അബ്ദുൾ അതീഖ് എന്ന 32കാരനെതിരെയാണ് മുത്തലാഖ് ചെയ്ത വിഷയത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തെ കുറിച്ച് ആദിലാബാദ് പൊലീസ് സബ് ഇൻസ്‌പെക്ടർ ജി ശ്രീനിവാസ് പറയുന്നത് ഇങ്ങനെ, '2017 ലാണ് അതീഖ് ആദിലാബാദ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു. എന്നാൽ വൈകാതെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഇത് പലപ്പോഴും വഴക്കുകളിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. യുവതിക്കൊപ്പമാണ് രണ്ടു പെൺമക്കളും താമസിക്കുന്നത്. ഇതിനിടെ അതീഖ് വീണ്ടും വിവാഹിതനാവുകയായിരുന്നു.
തുടർന്ന് 2023ൽ യുവതി അതീഖിനെതിരെ പീഡനക്കേസ് ഫയൽ ചെയ്തു. കൂടാതെ, കോടതിയിൽ ജീവനാംശത്തിനായി കേസും നൽകി. കേസിൻ്റെ ഫലമായി അതീഖിൻ്റെ പെൺമക്കളുടെ സംരക്ഷണത്തിനായി പ്രതിമാസം 7,200 രൂപ നൽകണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ, ഈ ഉത്തരവ് പാലിക്കുന്നതിൽ അതീഖ് പരാജയപ്പെട്ടതാണ് യുവതിയെ വീണ്ടും കോടതിയെ സമീപിക്കാൻ പ്രേരിപ്പിച്ചത്. തുടർന്ന് അതീഖിന് ഹാജരാകാൻ കോടതി സമൻസ് അയച്ചു. തുടർന്ന് അതീഖ് യുവതിക്ക് വാട്സ്ആപ്പിൽ മുത്തലാഖ് ചൊല്ലി വോയ്സ് മെസേജ് അയക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി വീണ്ടും ആദിലാബാദ് പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും റിമാൻ്റ് ചെയ്യുമെന്നും എസ്ഐ ശ്രീനിവാസ് പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam