
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു അണക്കെട്ടിലും നിലപാട് കടുപ്പിക്കാൻ വിജയ് സർക്കാർ. കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു അണക്കെട്ടിന് കർണാടകത്തിന് കേന്ദ്രം അനുമതി നല്കരുതെന്നാണ് ടിവികെ സർക്കാർ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് തമിഴ്നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനാണ് ആലോചന. കർണാടകയിലെ കോൺഗ്രസ്സ് സർക്കാരിനെ വിമർശിച്ചുള്ള പ്രമേയത്തിനാണ് ടിവികെയുടെ നീക്കം. മേക്കെദാട്ടു അണക്കെട്ട് പദ്ധതിക്ക് തമിഴ്‌നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ അനുമതി നൽകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് അണക്കെട്ടിനെതിരെ ടിവികെ സർക്കാർ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നത്. കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന നിർദിഷ്ട അണക്കെട്ട് തമിഴ്നാട്ടിലെ കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നാണ് വിജയ് സർക്കാർ പറയുന്നത്. കർണാടക സർക്കാർ കാവേരി നദിക്ക് കുറുകെ നിർദേശിച്ചിരിക്കുന്ന ജലവൈദ്യുത - കുടിവെള്ള പദ്ധതിയാണ് മേക്കെദാട്ടു അണക്കെട്ട്. ബെംഗളൂരു നഗരത്തിലേക്കുള്ള കുടിവെള്ളവും വൈദ്യുതി ഉത്പാദനവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തമിഴ്‌നാട് അതിർത്തിയിൽ നിന്ന് വെറും നാല് കിലോമീറ്റർ അകലെ രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപം കാവേരി നദിക്ക് കുറുകെ നിർദിഷ്ട പദ്ധതി നിർമിക്കാനാണ് കർണാടക സർക്കാർ നീക്കം നടത്തുന്നത്. ഇത് കർഷകർക്ക് തിരിച്ചടിയാകുമെന്നാണ് തമിഴ്നാടിന്‍റെ വാദം.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും വ്യക്തമാക്കി ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സർക്കാരുകൾ മാറിയാലും മുല്ലപ്പെരിയാർ അടക്കം വൈകാരിക വിഷയങ്ങളിൽ തമിഴ്നാടിന് കടുത്ത നിലപാട് തന്നെയെന്ന് വ്യക്തമാക്കുകയാണ് വിജയും. നിയമസഭ സമ്മേളനത്തിന് ശേഷം മുല്ലപ്പെരിയാർ വിഷയത്തിൽ വിജയ് യുമായി ചർച്ച നടത്തുമെന്ന് വി ഡി സതീശൻ പറഞ്ഞതിന് പിറ്റേന്നാണ് തമിഴ്നാടിന്റെ നയപ്രഖ്യാപനം. സുപ്രീം കോടതി അനുമതി നൽകിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ അനുവദിക്കാതെ, പുതിയ അണക്കെട്ട് പണിയുമെന്ന് കേരളം ആവർത്തുകയാണെന്നാണ് വിമർശനം. പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ ശ്രമങ്ങൾ തടയും. അറ്റകുറ്റപണി നടത്തും. ജലനിരപ്പ് ഉയർത്തുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam