ട്രെയിനിലെ കൂപ്പെ മധുവിധുവിനായി അലങ്കരിച്ച വീഡിയോ വൈറലായതിന് പിന്നാലെ കടുത്ത നടപടിയുമായി ഇന്ത്യൻ റെയിൽവേ. സംഭവത്തിൽ ഉൾപ്പെട്ട ടിടിഇയെ സസ്പെൻഡ് ചെയ്യുകയും അലങ്കാരം നടത്തിയയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ജൽനയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.
ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കൂപ്പെ 'മധുവിധു മുറി'യാക്കി മാറ്റിയ ദമ്പതികളുടെ വീഡിയോ വൈറലായ സംഭവത്തിൽ കർശന നടപടിയുമായി ഇന്ത്യൻ റെയിൽവേ. ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇയെ സസ്പെൻഡ് ചെയ്തു. കൂപ്പെ അലങ്കരിച്ച ഡെക്കറേറ്റർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജൽനയിൽ നിന്നുള്ളതെന്നു കരുതുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായതോടെയാണ് സംഭവം റെയിൽവേയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് റെയിൽവേ അതിവേഗം നടപടിയെടുത്തതും അന്വേഷണം പ്രഖ്യാപിച്ചതും. അനുമതിയില്ലാതെ റെയിൽവേയുടെ കോച്ചിനുള്ളിൽ ഇത്തരം അലങ്കാരങ്ങൾ നടത്തിയത് ഗൗരവതരമായ സുരക്ഷാ വീഴ്ചയായാണെന്ന് അധികൃതർ പറയുന്നു.
വൈറൽ വീഡിയോ
നവ ദമ്പതികൾക്കായി ട്രെയിനിലെ കൂപ്പെ മനോഹരമായി അലങ്കരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ചുവപ്പും വെള്ളയും നിറത്തിലുള്ള ബലൂണുകൾ, ഹൃദയാകൃതിയിലുള്ള അലങ്കാരങ്ങൾ, പൂമാലകൾ എന്നിവയെല്ലാം ഇതിനായി ഉപയോഗിച്ചിരുന്നു. ബെർത്തിൽ റോസാപ്പൂവിന്റെ ഇതളുകൾ വിതറുകയും കൂപ്പയാകെ അലങ്കരിക്കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ ആഘോഷത്തിന്റെ പ്രതീതി നൽകുന്ന രീതിയിലായിരുന്നു ഈ അലങ്കാരങ്ങളെല്ലാം. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് റെയിൽവേയുടെ നടപടി ആവശ്യപ്പെട്ട് പലരും രംഗത്തെത്തിയത്.
അന്വേഷണവും കടുത്ത നടപടിയും
വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ റെയിൽവേ അന്വേഷണം ആരംഭിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്രയും വലിയ അലങ്കാരം കോച്ചിനുള്ളിൽ നടത്താൻ സാധിക്കില്ലെന്ന നിഗമനത്തിലാണ് ആദ്യ ഘട്ടത്തിൽ ടിടിഇയെ പ്രാഥമിക അന്വേഷണം നടത്തി സസ്പെൻഡ് ചെയ്തത്. കൂടാതെ, ഈ അലങ്കാരങ്ങൾ ചെയ്ത വ്യക്തിയെ കണ്ടെത്തി അവർക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. റെയിൽവേയുടെ ചട്ടങ്ങൾ ലംഘിച്ചതിനാണ് കേസ്.


