'തായ്മാമൻ തങ്ക മോതിരം' വൈകും; ടിവികെ സർക്കാരിൻ്റെ അഭിമാന പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു

Published : Sep 09, 2026, 01:13 PM IST
Vijay Gold Ring Scheme

Synopsis

തമിഴ്നാട്ടിൽ തായ്മാമൻ തങ്ക മോതിരം പദ്ധതിയുടെ ഉദ്ഘാടനം വൈകും. മുഖ്യമന്ത്രി വിജയ്‍‍യുടെ നേതൃത്വത്തിലുള്ള ടിവികെ സ‍ർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു. വിജയ്‍‍യുടെ വിദേശയാത്ര പ്രമാണിച്ചാണ് നടപടി.

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന 'തായ്മാമൻ തങ്ക മോതിരം' പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന യോഗ്യരായ കുട്ടികൾക്ക് ഒരുഗ്രാം സ്വർണമോതിരം സമ്മാനിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ വിദേശ സന്ദർശനം പ്രമാണിച്ചാണ് സെപ്റ്റംബ‍ർ 15ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാറ്റിവെച്ചത്. ആരോ​ഗ്യമന്ത്രി കെ ജി അരുൺരാജ് ആണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ വിദേശയാത്ര കാരണമാണ് പദ്ധതിക്ക് കാലതാമസം ഉണ്ടായതെന്ന് മന്ത്രി അരുൺരാജ് അറിയിച്ചു. പുതിയ തീയതി സ‍ർക്കാർ ഔദ്യോ​ഗികമായി അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വർണത്തിൻ്റെ ​ഗുണമേന്മ സർക്കാർ ഉറപ്പാക്കുമെന്നും 916 ഹോൾമാർക്കുള്ള സ്വർണം മാത്രമേ അം​ഗീകരിക്കൂ എന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ സ‍ർക്കാർ ആശുപത്രികളിൽ ജനിക്കുന്ന യോ​ഗ്യരായ കുട്ടികൾക്ക് ഒരു​ഗ്രാം സ്വ‍ർണമോതിരം സംസ്ഥാന സർക്കാർ സമ്മാനിക്കുന്നതാണ് 'തായ്മാമൻ തങ്ക മോതിരം' പദ്ധതി. മുൻ മുഖ്യമന്ത്രി സി എൻ അണ്ണാദുരൈയുടെ ജന്മവാ‍ർഷിക ദിനമായി സെപ്റ്റംബർ 15ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാനായിരുന്നു സർക്കാർ തീരുമാനം. ഈ വർഷം ജൂൺ 22 മുതൽ ജനിച്ച കുട്ടികൾക്ക് സ്വർണമോതിരം നൽകും.

സെപ്റ്റംബർ 10നാണ് മുഖ്യമന്ത്രി വിജയ് യുകെയിലെ ലണ്ടനിലേക്ക് തിരിക്കുന്നത്. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്‍യുടെ ആദ്യ വിദേശയാത്ര കൂടിയാണിത്. തമിഴ്നാട്ടിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര. 11ന് ലണ്ടനിൽ എത്തുന്ന മുഖ്യമന്ത്രി വിജയ്, വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനവേളയിൽ തമിഴ്നാട് സർക്കാരും ബഹുരാഷ്ട്ര കമ്പനികളും ധാരണപത്രങ്ങളിൽ ഒപ്പുവെക്കും. ലണ്ടനിലെ തമിഴ് സമൂഹവുമായും വിജയ് സംവദിക്കും. സെപ്റ്റംബർ 17ന് വിജയ് ചെന്നൈയിൽ മടങ്ങിയെത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുക്രെയിൻ- റഷ്യ യുദ്ധം; ഇന്ത്യയുടെ സഹകരണത്തിന് നന്ദിയെന്ന് റഷ്യ, ബ്രിക്സിനിടെ പ്രശ്നപരിഹാര ചർച്ചകൾ
വീണ്ടും ദുരഭിമാനക്കൊല; യുവതിയെ തലയ്ക്കടിച്ച് കൊന്ന് പിതാവും സഹോദരനും; അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം