
ചെന്നൈ: കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചന സംശയിക്കുന്ന ചോദ്യങ്ങളുമായുള്ള വീഡിയോ സന്ദേശത്തിൽ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും വിജയ് വെല്ലുവിളിച്ചു. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് തുറന്നടിച്ചു. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.
ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം. അതിനാൽ തന്നെ സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടിയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാൽ, നടക്കാൻ പാടില്ലാത്തത് സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സത്യം പുറത്തുവരുമെന്ന് പറഞ്ഞ വിജയ്, സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന സൂചനയും നൽകി. അപകടം ഉണ്ടായശേഷം കരൂരിൽ തുടരാതിരുന്നതിലും വിജയ് വിശദീകരണം നൽകി. ഉടൻ തന്നെ കരൂരിലെത്തി എല്ലാവരെയും കാണുമെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും വിജയ് വ്യക്തമാക്കി.
വീഡിയോ സന്ദേശത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിജയ് നടത്തിയത്. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നുമാണ് വിജയ് ചോദിച്ചത്. അഞ്ച് ജില്ലകളിലെ റാലികളിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരിൽ മാത്രം എങ്ങനെ പ്രശ്നമുണ്ടായി? ഇങ്ങനെയാണോ പകരം വീട്ടുന്നത്? സംഘര്‍ഷാവസ്ഥ ഒഴിവാക്കാനാണ് കരൂരിൽ ഇപ്പോള്‍ പോകാത്തത്. ജനങ്ങളുടെ സുരക്ഷ പ്രധാനമാണ്. ഇനി മുതൽ സുരക്ഷിതമായ ഇടങ്ങള്‍ ചോദിക്കാം. തന്‍റെ രാഷ്ട്രീയ യാത്ര ഇതുകൊണ്ട് അവസാനിക്കില്ല. അത് തുടരും. തന്നെ പിന്തുണച്ച മറ്റു രാഷ്ട്രീയ നേതാക്കള്‍ക്ക് നന്ദി. എത്രയും വേഗം കരൂരിലേക്ക് പോയി ജനങ്ങളെ കാണും. പക വീട്ടണമെങ്കിൽ തന്‍റെ മേൽ കൈവെയ്ക്കുവെന്നും ടിവികെ പ്രവര്‍ത്തകരെ തുടരുതെന്നും വിജയ് സ്റ്റാലിനെ വെല്ലുവിളിച്ചു. താൻ വീട്ടിലോ ഓഫീസിലോ കാണുമെന്നും തന്നെ എന്ത് വേണമെങ്കിലും ചെയ്തോളുവെന്നും വിജയ് പറഞ്ഞു. നാലുമിനുട്ട് നീണ്ടുനിന്ന വീഡിയോ സന്ദേശത്തിലൂടെയാണ് വിജയ്‍യുടെ പ്രതികരണം. ദുരന്തത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഗൂഢാലോചന സൂചിപ്പിച്ചുകൊണ്ടാണ് വിജയ്‍യുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam