
ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷമുള്ള ആദ്യ പൊതുയോഗത്തിൽ ഡിഎംകെയെ കടന്നാക്രമിച്ചും 2026ൽ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചും വിജയ്. ഡിഎംകെയുടെ നയം കൊള്ളയെന്ന് തുറന്നടിച്ച വിജയ്, ചില ക്ഷേമവാഗ്ജാനങ്ങളും മുന്നോട്ടുവച്ചു. പഴുതടച്ച സുരക്ഷയിൽ കാഞ്ചീപുരത്ത് നടന്ന യോഗത്തിൽ, ബിജെപിയെ കുറിച്ച് കാര്യമായ പരാമർശമുണ്ടായില്ല.
കരൂർ ദുരന്തമുണ്ടായി 57 ദിവസത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ വിജയ് കർഷകരെയും ജെൻസി വോട്ടർമാരെയും ഒപ്പം നിർത്താനുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഡിഎംകെയുടെ നാടകവും തട്ടിപ്പും ജനം തിരിച്ചറിയുമെന്ന് പറഞ്ഞ ടിവികെ അധ്യക്ഷൻ, മുഖ്യമന്ത്രി സ്റ്റാലിനെ മൈ ഡിയർ അങ്കിൾ എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. സ്റ്റാലിൻ നല്ലവനെന്ന് അഭിനയിക്കുകയാണ്. വിജയെയും വിജയുടെ ഒപ്പം നിന്നവരെയും നോവിച്ചവർ ഖേദിക്കുമെന്നും വിജയ് ചൂണ്ടിക്കാട്ടി.
ദ്രാവിഡ പാർട്ടികളുടെ സൌജന്യപ്രഖ്യാപനങ്ങൾക്ക് എതിരാണ് ടിവികെ എന്ന പ്രചാരണത്തിന് മറുപടി നൽകാനും ശ്രമം. 2026ൽ അധികാരത്തിലെത്തുമ്പോൾ എല്ലാവർക്കും വീടും എല്ലാ കുടുംബത്തിലും ഒരു ബിരുദധാരിയും സ്ഥിര വരുമാനക്കാരനും മോട്ടർ ബൈക്കും ലക്ഷ്യമെന്നും വിജയ് പറഞ്ഞു. കരൂർ സംഭവത്തെ കുറിച്ച് പിന്നീട് പറയുമെന്ന് പറഞ്ഞ വിജയ് പതിവ്ബിജെപി വിമർശനം ഒഴിവാക്കി. കാഞ്ചീപുരത്തെ സ്വകാര്യ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ക്യു ആര്‍ കോഡ് ഉള്ള ടിക്കറ്റ് ലഭിച്ച 2000 പേർക്ക് മാത്രമായിരുന്നു പ്രവേശനം . കൈക്കുഞ്ഞുങ്ങളുമായി എത്തിയ ചില സ്ത്രീകളെ നേതാക്കൾ തിരിച്ചയച്ചതും ശ്രദ്ധേയമായി.