
ദില്ലി: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‌യെ പ്രതി ചേർക്കാൻ സാധ്യത. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും. വിജയ്ക്കൊപ്പം തമിഴ്നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേർക്കാനാണ് സാധ്യത. മനപ്പൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
അതേസമയം, വിജയ്ക്ക് എതിരെ തമിഴ്നാട് പൊലീസ് മൊഴി നൽകി. റാലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകും എന്ന് ടിവികെ അറിയിച്ചില്ല എന്നാണ് പൊലീസ് പറഞ്ഞത്. 30,000ലധികം പേർ എത്തിയത് അപകടത്തിലേക്ക് നയിച്ചതിന് കാരണമാകാം എന്നും സിബിഐയോട് പൊലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കങ്ങളിലേക്ക് കടക്കുകയാണ് അന്വേഷണ ഏജൻസി. രാവിലെ 11 മണിയോടെ സിബിഐയുടെ ദേശീയ ആസ്ഥാനത്ത് വിജയ്‌യുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. സുപ്രീംകോടതിയുടെ ഇടപെടലിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐക്ക് വിട്ടത്. ഒരു സാക്ഷി എന്ന നിലയിലാണ് വിജയ്‌യെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത് എന്നായിരുന്നു സിബിഐ അറിയിച്ചിരുന്നത്. എന്നാൽ, ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ടിവികെ അധ്യക്ഷൻ എന്ന നിലയിൽ വിജയ്‌ക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടി എന്നതിനപ്പുറം വിജയ് എന്ന താരത്തെ കൂടി കാണാനാണ് ആളുകളെത്തിയത്. ഇക്കാരണങ്ങളാൽ വിജയ്‌യെയും കേസിൽ പ്രതി ചേർക്കാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam