കരൂർ ദുരന്തം: 20 ലക്ഷം വീതം ധനസഹായം നൽകി ടിവികെ, ആദരസൂചകമായി ദീപാവലി ആഘോഷിക്കില്ലെന്ന് തീരുമാനം

Published : Oct 18, 2025, 08:56 PM IST
 Karur tragedy Vijay TVK aid

Synopsis

കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഓർമയ്ക്കായി ഈ വർഷം ദീപാവലി ആഘോഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ് ജില്ലാ സെക്രട്ടറിമാരോടും അണികളോടും നിർദേശിച്ചു.

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടിവികെ ധനസഹായം നൽകി. 20 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. 39 പേരുടെ കുടുംബത്തിന് പണം നൽകിയെന്ന് ടിവികെ അറിയിച്ചു. കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഓർമയ്ക്കായി ഈ വർഷം ദീപാവലി ആഘോഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ് ജില്ലാ സെക്രട്ടറിമാരോടും അണികളോടും നിർദേശിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവുമാണ് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചത്. വിജയ് ഇതുവരെ കരൂർ സന്ദർശിക്കാത്തതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് സഹായധനം കൈമാറിയത്. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ നേരത്തെ വിജയ് വീഡിയോ കോളിൽ വിളിച്ചിരുന്നു. ഇന്നലെ വിജയ് കരൂർ സന്ദർശിക്കും എന്നായിരുന്നു പാർട്ടി വൃത്തങ്ങൾ നേരത്തെ അറിയിച്ചത്. എന്നാൽ ഇന്നലത്തെ സന്ദർശനം മാറ്റിവച്ചു. സിബിഐ അന്വേഷണം തുടങ്ങിയതിനാൽ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വിജയുടെ ഇന്നലത്തെ സന്ദർശനം മാറ്റിവച്ചത്.

വിജയ്‍ക്കെതിരെ വിമർശനം കടുപ്പിച്ച് ഡിഎംകെ

വിജയ് ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റര്‍ ചേര്‍ത്തുള്ള സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഡിഎംകെ വിജയ്ക്കെതിരെ തുറന്നടിച്ചത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്കൽ ചിത്രമാണ് പങ്കുവച്ചത്. ചിത്രത്തിൽ ചോരയുടെ നിറത്തിൽ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് ഡിഎംഎകെയുടെ വിമര്‍ശനം. ഡിഎംകെ ഐടി വിങ് ആണ് എക്സിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരിൽ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും പരിഹസിച്ചു. അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഡിഎംകെ ഉയര്‍ത്തുന്നുണ്ട്.

വിജയ്‌യുടെ റാലിക്കിടെ സെപ്റ്റംബര്‍ 27നാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണം സംഭവിച്ചതോടെ റാലി ഉൾപ്പെടെ ടിവികെയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു. വിജയ് പട്ടിണപ്പാക്കത്തുള്ള വസതിയിലാണ്. ബസ്സി ആനന്ദ്, ആദവ് അർജുൻ, സിടിആർ നിർമ്മൽ കുമാർ, അരുൺ എന്നിവരുൾപ്പെടെ ടിവികെയിലെ പ്രധാനപ്പെട്ട നേതാക്കളുമായി വിജയ് ചർച്ച നടത്തി. കരൂര്‍ ദുരന്തത്തിന് ശേഷമുളള വിപുലമായ ചർച്ച നടന്നത് ആദ്യമായാണ്. സംഘടനാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാൻ നേതാക്കൾ തീരുമാനിച്ചു. കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം നിർദേശിച്ച സുപ്രീംകോടതി ഉത്തരവിനെ ടിവികെ നേരത്തെ സ്വാഗതം ചെയ്തിരുന്നു. സിബിഐയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു