
ലഖ്‌നൗ: പാകിസ്ഥാനിലെ ഓരോ ഇഞ്ച് ഭൂമിയും ബ്രഹ്മോസ് മിസൈലിന്‍റെ പ്രഹര ശേഷിയുടെ പരിധിയിലാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ബ്രഹ്മോസ് മിസൈൽ സാങ്കേതിക മേന്മ തെളിയിക്കുകയും ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിരോധ വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്‌തെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ലഖ്‌നൗവിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡ് യൂണിറ്റിൽ നിർമ്മിച്ച സൂപ്പർസോണിക് ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് രാജ്‌നാഥ് സിങും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ബ്രഹ്മോസ് ഇന്ത്യയുടെ തദ്ദേശീയ ശക്തിയുടെ പ്രതീകമാണെന്ന് രാജ്നാഥ് സിങ് വിശേഷിപ്പിച്ചു. ഈ ഉദ്ഘാടനം വലിയ അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. അൽപ്പം മുൻപ് ഈ മുറ്റത്ത് ഒരു രുദ്രാക്ഷ തൈ നടാനും ഭാഗ്യമുണ്ടായി. രുദ്രാക്ഷത്തെ രുദ്രന്‍റെ, അതായത് മഹാദേവന്‍റെ ഭാഗമായിട്ടാണ് കണക്കാക്കുന്നത്. ഈ അത്യാധുനിക സൗകര്യത്തിനും ജനങ്ങൾക്കും മഹാദേവന്‍റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.
200 ഏക്കറിൽ 380 കോടി രൂപ ചെലവിൽ മെയ് മാസത്തിലാണ് ലഖ്നൌവിൽ ബ്രഹ്മോസ് യൂണിറ്റ് സ്ഥാപിച്ചത്. അഞ്ച് മാസത്തിനുള്ളിൽ തന്നെ മിസൈലുകളുടെ ആദ്യ ബാച്ച് സൈന്യത്തിന് കൈമാറി. ഈ വേഗതയെയും കാര്യക്ഷമതയെയും പ്രതിരോധ മന്ത്രി പ്രശംസിച്ചു. ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയിൽ നാഴികക്കല്ലാണിത്. കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കായി പ്രതിവർഷം ഏകദേശം 100 മിസൈലുകൾ ഇവിടെ നിർമിക്കും. ബ്രഹ്മോസിന്റെ വിശ്വാസ്യതയോടൊപ്പം, ലഖ്‌നൗവിന്റെ മേൽവിലാസവും അറിയപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
ലഖ്‌നൗവിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് രാജ്നാഥ് സിങ് പറഞ്ഞു- "ലഖ്‌നൗ എന്‍റെ പാർലമെന്‍റ് മണ്ഡലം മാത്രമല്ല, എന്‍റെ ആത്മാവിൽ കുടികൊള്ളുന്ന നഗരം കൂടിയാണ്. സംസ്ഥാനത്തിന്‍റെയും തലസ്ഥാനത്തിന്‍റെയും അതിവേഗത്തിലുള്ള വികസനം കാണുമ്പോൾ ലഭിക്കുന്ന സംതൃപ്തിയും അഭിമാനവും ഇന്നത്തെ ഈ പ്രതിരോധ സംബന്ധിയായ നേട്ടത്തിലൂടെ കൂടുതൽ ആഴമേറിയതാകുന്നു."
പദ്ധതിക്ക് പൂർണ്ണ പിന്തുണയും സഹകരണവും നൽകിയതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും രാജ്നാഥ് സിങ് നന്ദി രേഖപ്പെടുത്തി. ബ്രഹ്മോസിന്റെ സൂപ്പർസോണിക് വേഗത, കൃത്യത, ദീർഘദൂര പ്രഹരശേഷി എന്നിവ എടുത്തുപറഞ്ഞ മന്ത്രി, ഇത് ലോകത്തിലെ ഏറ്റവും നൂതനമായ മിസൈൽ സംവിധാനങ്ങളിൽ ഒന്നാണെന്നും പറഞ്ഞു.
ഫിലിപ്പീൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഏകദേശം 4,000 കോടി രൂപയുടെ പ്രതിരോധ കരാർ ഒപ്പുവച്ചിട്ടുണ്ട്. പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയുടെ വളർച്ച മന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ സ്കൂളുകൾ, ആശുപത്രികൾ, ക്ഷേമപദ്ധതികൾ എന്നിവയ്ക്ക് പണം നൽകാൻ കഴിയുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam