
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‍യുടെ കരൂരിലെ റാലിയിലുണ്ടായ മഹാദുരന്തത്തിന്‍റെ നടുക്കത്തിലാണ് തമിഴ്നാട്. ഒമ്പത് കുട്ടികള്‍ അടക്കം 39 പേരുടെ ജീവനെടുത്ത അപകടത്തിൽ ഞെട്ടലിലാണ് കരൂര്‍. ദുരന്തഭൂമിയായി മാറിയ കരൂരിലെ റാലി നടന്ന സ്ഥലത്ത് ചെരുപ്പുകളടക്കം കുന്നുകൂടി കിടക്കുകയാണ്. ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്ന നടുക്കുന്ന കാഴ്ചകളാണ് വേലുചാമിപുരത്തുള്ളത്. വേലുചാമിപുരത്ത് വിജയ്യെ കാണാൻ വൻ ആളൊഴുക്കുണ്ടായെന്ന് ദൃക് സാക്ഷികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പലരും ഇന്നലെ ഉച്ചയോടെ തന്നെ സ്ഥലത്ത് വന്നു കാത്തിരുന്നു. റാലിക്കായി എത്തിയവരിൽ കൂടുതളും കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. സ്ഥലം നഷ്ടപ്പെടുമെന്ന പേടിയിൽ ആരും ഭക്ഷണം കഴിക്കാൻ പോയില്ല. 12 മണിക്ക് വിജയ് വരുമെന്ന് പറഞ്ഞെങ്കിലും എത്തിയപ്പോൾ രാത്രി ഏഴുമണിയായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെള്ളവും ഭക്ഷണവും കിട്ടാതെ ആളുകൾ ബോധംകെട്ട് വീഴുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.
വിജയിയുടെ വരവ് വൈകിയതോടെ വിജയ് ഉള്ളിടത്തേക്ക് ആള്‍ക്കൂട്ടം നീങ്ങാൻ നോക്കി. ഇതാണ് തിക്കിലും തിരക്കിലും കലാശിച്ചതും വൻ ദുരന്തമുണ്ടാകുന്നതിലേക്ക് നയിച്ചതും. അപകടമുണ്ടായശേഷം സംഭവ സ്ഥലത്ത് തന്നെയുള്ള അക്ഷയ ആശുപത്രിയിൽ ആണ് ആദ്യം ആളുകളെ എത്തിച്ചത്. ആശുപത്രി പരിസരത്ത് അടക്കം വിജയിയെ കാണാൻ എത്തിയവരാൽ തിങ്ങി നിറഞ്ഞിരുന്നു. അപകടം നടന്നപ്പോൾ ആളുകളെ തോളിൽ എടുത്താണ് ആശുപത്രിയിൽ എത്തിച്ചതെന്നും കൊണ്ടുവന്നവരിൽ പകുതിയിൽ അധികവും മരിച്ചിരുന്നെന്നും ആശുപത്രി ജീവനക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുലര്‍ച്ചെയോടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടു കൊടുത്തു തുടങ്ങി. 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.ഉറ്റവര്‍ മരിച്ചവരുടെ വേദന താങ്ങാനാത്തവരുടെ ഹൃദയഭേദകമായ കാഴ്ചയാണ് ആശുപത്രി പരിസരത്ത്. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായമായി തമിഴ്നാട് സര്‍ക്കാര്‍ പത്ത് ലക്ഷം പ്രഖ്യാപിച്ചു.കരൂർ റൗണ്ടാനയിലായിരുന്നു വിജയ് പരിപാടി നടത്താൻ ആദ്യം അനുമതി തേടിയത്. എന്നാൽ, അവിടെ സൗകര്യം ഇല്ലെന്ന് പറഞ്ഞാണ് പൊലീസ് അനുമതി നിഷേധിച്ചതെന്നാണ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam