
ചണ്ഡീഗഢ്: പഞ്ചാബിലെ ക്രമസമാധാന നിലയെ വെല്ലുവിളിച്ചുകൊണ്ട് മണിക്കൂറുകൾക്കിടയിൽ രണ്ട് പ്രധാന നഗരങ്ങളിൽ സ്ഫോടനം. ഇന്നലെ രാത്രി ജലന്ധറിലും അമൃത്‌സറിലുമാണ് സ്ഫോടനങ്ങൾ ഉണ്ടായത്. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപവും അമൃത്‌സറിലെ ഖാസ കന്റോൺമെന്റിന് സമീപവുമാണ് സ്‌ഫോടനങ്ങൾ നടന്നത്. . ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയർ ആസ്ഥാനത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു.
ജലന്ധർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ഖാലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായി സൂചനയുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് സംഘടന ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോർട്ട്. ജലന്ധറിലെ സംഭവത്തിന് തൊട്ടുപിന്നാലെയാണ് അമൃത്‌സറിലെ ഖാസ കന്റോൺമെന്റ് മേഖലയിൽ രണ്ടാമത്തെ സ്ഫോടനം നടന്നത്. സൈനിക പ്രാധാന്യമുള്ള മേഖലയായതിനാൽ അതീവ ഗൗരവത്തോടെയാണ് അധികൃതർ ഈ സംഭവത്തെ കാണുന്നത്. അന്വേഷണം ഊർജ്ജിതമാണ്. രണ്ടിടങ്ങളിലും പോലീസ് ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഏപ്രിൽ 27-ന് പട്യാലയിലെ റെയിൽവേ ട്രാക്കിലും സ്ഫോടനം നടത്താൻ ശ്രമം നടന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
പഞ്ചാബിലെ ഇരട്ട സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. അന്വേഷണ ഉദ്യോഗസ്ഥർ സ്ഫോടന സ്ഥലം സന്ദർശിച്ചു. സ്ഫോടനം നടന്ന അമൃത്സറിൽ ഫൊറൻസിക് തെളിവുകളടക്കം എൻഐഎ സംഘം ശേഖരിക്കും. ജലന്ധറിലെ സ്ഫോടനത്തിൽ പരിക്കേറ്റ ഡെലിവറി ജീവനക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്യും. സംഭസ്ഥലത്തുനിന്ന് ഫൊറൻസിക് സയൻസ് ലബോറട്ടറി സംഘം ശേഖരിച്ച സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചു. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ അമൃത്സറിൽ സുരക്ഷ ശക്തമാക്കി. വിവിധ മേഖലകളിൽ സഞ്ചാരം നിയന്ത്രിച്ച് നിരീക്ഷണം നടത്തും, ജലന്ധറിലെ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായി പഞ്ചാബ് പോലീസ് വ്യക്തമാക്കി.അതേസമയം സ്ഫോടനത്തിന് പിന്നിൽ ബിജെപി ആണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam