
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ തുടർന്ന് വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ). കോൺഗ്രസ് ഉപാധിയോടെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐയോടും സിപിഎമ്മിനോടും പിന്തുണ തേടി വിജയ്. സംസ്ഥാന നേതൃത്വങ്ങൾ ആദ്യം ചർച്ച ചെയ്യുമെന്ന് രണ്ട് പാർട്ടികളുടെയും കേന്ദ്ര നേതാക്കൾ അറിയിച്ചു. വിജയ്ക്ക് പിന്തുണ നൽകണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം.
അതേസമയം, മന്ത്രിസഭ രൂപീകരണത്തിന് അവകാശം ഉന്നയിച്ച് ടിവികെ നൽകിയ കത്തിൽ, ഗവർണർ ഇന്ന് തീരുമാനം എടുത്തേക്കും. ടിവികെയ്ക്ക് പിന്തുണ നൽകുന്ന കത്ത് കോൺഗ്രസ് ഇന്ന് ഗവർണർക്ക് കൈമാറും. ഇടത് പാർട്ടികളുടെ പിന്തുണ കൂടി ഉറപ്പാക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ തന്നെ ഇടത് നേതാക്കളോട് സംസാരിച്ചു. വിജയ് ബിജെപി പാളയത്തിലേക്ക് പോകാതിരിക്കാൻ വേണ്ട നടപടികൾ ആലോചിക്കുമെന്ന് സിപിഎം നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അണ്ണാഡിഎംകെയുമായി സഖ്യമില്ലെന്ന് ടിവികെ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ബിജെപി പിന്തുണ തേടരുത്, എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടരുത് എന്നീ ഉപാധികളാണ് കോൺഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ടിവികെ ഉപാധികൾ സമ്മതിച്ചാൽ സിപിഎം, സിപിഐ, വിസികെ, ലീഗ് എന്നീ പാർട്ടികളുമായി സംസാരിക്കാമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. പിന്തുണ തേടി വിജയ്‍ കത്ത് നല്‍കിയതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇടതുപക്ഷ ദേശീയ നേതാക്കളുമായി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. വിജയ്‍യെ ബിജെപി പാളയത്തിൽ എത്തിക്കരുതെന്നാണ് കോൺഗ്രസ് നിലപാട് എന്ന് ഖർഗെ പറഞ്ഞു.
ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കുമെതിരാണ് ജനവിധിയെന്നും അണ്ണാഡിഎംകെയുമായി സഖ്യമില്ലെന്ന് ടിവികെ ജനറൽ സെക്രട്ടറി അരുൺരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും ടിവികെ സർക്കാർ വരുമെന്ന് ഉറപ്പാണാണെന്നും അരുൺരാജ് കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ സേവിക്കാനാണ് ഐ ആർ എസ് വിട്ട് ടിവികെയിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ തോറ്റിരുന്നെങ്കിലും തന്റെ തീരുമാനം ശരിയെന്നും വിശ്വസിച്ചേനെ എന്നും അരുൺരാജ് പറഞ്ഞു.
ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത
വിജയ്‍യെ പിന്തുണയ്ക്കണമെന്ന് എഐഎഡിഎംകെയിൽ രണ്ടാം നിരനേതാക്കൾ ആവശ്യപ്പെട്ടു. മുഖ്യപ്രതിപക്ഷ പദവി നഷ്ടമായി. പ്രസക്തി നിലനിർത്താൻ ടിവികെയ്ക്കൊപ്പം നിൽക്കണമെന്നും ഇത് തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാമെന്നുമാണ് ഉയരുന്ന വാദം. എന്നാല്‍ ഇതിനെ എതിർക്കുകയാണ് മുതിർന്ന നേതാക്കൾ. എഐഎഡിഎംകെ വലിയ പാർട്ടിയാണെന്നും വിജയ് പുതിയ ആളാണെന്നുമാണ് അവരുടെ വാദം. എഐഎഡിഎംകെയ്ക്ക് വിജയ് മന്ത്രിസ്ഥാനം നൽകാൻ സാധ്യതയില്ലെന്നും നേതാക്കൾ വാദം ഉയര്‍ത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam