അസമിൽ 22കാരിയായ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഗുവാഹത്തി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ നിമിഷ താക്കൂറിയ ആണ് മരണപ്പെട്ടത്. സംഭവത്തിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗുവാഹത്തി: ഹോസ്റ്റലിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനിയെ ഹോംസ്റ്റേയിൽ അതീവ ഗുരുതര നിലയിൽ കണ്ടെത്തുകയും പിന്നീട് മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ദുരൂഹത. അസമിലെ ഗുവാഹത്തി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ നിമിഷ താക്കൂറിയ (22) യുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. സംഭവത്തിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന ആഷിഖ് അലി (26) യെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു പിതാവ് ദീപ് താക്കൂറിയ രംഗത്തെത്തി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്കെന്ന് പറഞ്ഞാണ് നിമിഷ വീട് വിട്ടുപോയതെന്ന് പിതാവ് ദീപ് താക്കൂറിയ പറഞ്ഞു. രാത്രി ചിലപ്പോൾ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുമെന്ന് നിമിഷ അമ്മയോട് പറഞ്ഞിരുന്നതായി പിതാവ് പറഞ്ഞു. രാത്രി 10 മണിയോടെ നിമിഷ വിളിച്ച് സുഹൃത്തുക്കൾക്കൊപ്പം തങ്ങുകയാണെന്ന് അറിയിച്ചു. എന്നാൽ ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ അമ്മയുടെ ഫോണിലേക്ക് നിമിഷയുടെ അപ്രതീക്ഷിത കോൾ ഉണ്ടായി. "അമ്മേ, അവർ എന്നെ അടിച്ചു. അവർ എന്റെ നെഞ്ചിൽ ഇടിക്കുകയും എന്നെ ആക്രമിക്കുകയും ചെയ്തു. എനിക്ക് പരിക്കേറ്റിട്ടുണ്ട്" എന്ന് നിമിഷ പറഞ്ഞതായും പിതാവ് വ്യക്തമാക്കി. പിന്നീട് നിമിഷയുടെ ഫോണിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് പിതാവ് പറഞ്ഞു.

ഉടൻതന്നെ കുടുംബം പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ ഗുവാഹത്തിയുടെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഹോംസ്റ്റേയിൽ കണ്ടെത്തുകയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അടിയന്തര ചികിത്സ നൽകിയ ശേഷം ഗുവാഹത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും യുവതിക്ക് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

നിമിഷ ഹോംസ്റ്റേയിലേക്ക് പോകുന്ന കാര്യം കുടുംബത്തെ അറിയിച്ചിരുന്നില്ലെന്നാണ് പിതാവ് പറയുന്നത്. രണ്ട് ദിവസം മുമ്പ് 2000 രൂപ വാങ്ങിയിരുന്നുവെന്നും ഹോസ്റ്റലിൽ സുഹൃത്തുക്കൾക്കൊപ്പം താമസിക്കാൻ പോകുമെന്നും പുറത്ത് പോയി ഭക്ഷണം കഴിക്കുമെന്നുമാണ് മകൾ അറിച്ചിരുന്നതെന്നും പിതാവ് പറയുന്നു.

അതേസമയം നിമിഷയും ആഷിഖും ഹോംസ്റ്റേയിൽ താമസിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം അഞ്ച് തവണ ഇരുവരും ഹോംസ്റ്റേയിൽ എത്തിയിരുന്നതായും കൃത്യമായ പരിശോധന പോലും നടത്താതെ ഇവരെ താമസിക്കാൻ അനുവദിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹോംസ്റ്റേയിലെ പത്താം നമ്പർ മുറിയിലാണ് ഇരുവരും താമസിച്ചിരുന്നതെന്നും രാത്രി 9:30 ഓടെ ഭക്ഷണം ഓർഡർ ചെയ്തിരുന്നതായും ഹോംസ്റ്റേ ജീവനക്കാരൻ പൊലീസിനെ അറിയിച്ചു. പുലർച്ചെ മൂന്നുമണിയോടെ പുരുഷൻ്റെ കരച്ചിൽ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ യുവതിയെ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയെന്നും യുവാവ് അവരുടെ കൈപിടിച്ച് കരയുകയായിരുന്നുവെന്നും ജീവനക്കാരൻ വ്യക്തമാക്കി.

എന്നാൽ നിമിഷ സ്വയം തൂങ്ങിമരിച്ചതാണെന്നാണ് ആഷിഖിൻ്റെ മൊഴി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്. സിഐഡി, ഫൊറൻസിക് സംഘങ്ങൾ ഹോംസ്റ്റേയിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. യുവതിയുടെ മരണത്തിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായെത്തി റോഡ് ഉപരോധിച്ചു. സംഭവം 'ലൗ ജിഹാദ്' ആണെന്നും ചില‍ർ ആരോപിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നിമിഷയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. ശനിയാഴ്ച വൈകുന്നേരം സംസ്കാരം നടന്നു. ധാരാപുർ സ്വദേശിയായ നിമിഷ, ഗുവാഹത്തി യൂണിവേഴ്സിറ്റിയിൽ സോഷ്യോളജി വിദ്യാർത്ഥിയായിരുന്നു.