മുൻവിധിയില്ലാതെ എല്ലാ അഭിപ്രായങ്ങളും കേൾക്കപ്പെടണം: കേന്ദ്രസർക്കാരിന് മറുപടിയുമായി ട്വിറ്റർ

By Web TeamFirst Published Feb 10, 2021, 11:40 AM IST
Highlights

 ആരോ​ഗ്യപരമായ സംവാദം നടക്കുന്ന ഇടമായി ട്വിറ്ററിനെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും അതിനായി ട്വിറ്ററിൻ്റെ സേവനം മെച്ചപ്പെടുത്തുകയും നെ​ഗറ്റീവ് സ്വാഭവത്തിലുള്ള ഹാഷ് ടാ​ഗുകളുടെ ദൃശ്യത കുറയ്ക്കുമെന്നും ട്വിറ്റർ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. 

ദില്ലി: കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന ആവശ്യം നടപ്പാക്കതിരുന്നതിനെ ചൊല്ലിയുള്ള വിവാദത്തിൽ സർക്കാരിന് മറുപടിയുമായി ട്വിറ്റർ. ആരുടെയെങ്കിലും കാഴ്ചപ്പാടുകളോ അഭിപ്രായമോ കണക്കിലെടുക്കാതെ എല്ലാ ശബ്ദവും കേൾക്കപ്പെടണമെന്ന് ട്വിറ്റ‍ർ വ്യക്തമാക്കി. ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യവും ഇൻറർനെറ്റ് ഉപയോഗിക്കാനുള്ള അവകാശവും ഭീഷണിയിലാണെന്നും കേന്ദ്രസർക്കാരിന് നൽകിയ വിശദീകരണത്തിൽ ട്വിറ്റർ ചൂണ്ടിക്കാട്ടുന്നു. 

കർഷക സമരത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുന്ന 1178 പാകിസ്ഥാനി - ഖാലിസ്ഥാനി അക്കൗണ്ടുകളുടെ പട്ടിക കേന്ദ്രസർക്കാർ ട്വിറ്ററിന് നേരത്തെ നൽകിയിരുന്നു. ട്രാക്റ്റർ റാലിക്കിടെ ഉണ്ടായ അക്രമണങ്ങളെ കുറിച്ച് ട്വീറ്റ് ചെയ്ത 250 ലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും കേന്ദ്ര സർക്കാർ നേരത്തെ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കാരവൺ മാസിക, മാധ്യമ പ്രവർത്തകൻ സിദാർത്ഥ് വരദരാജൻ തുടങ്ങിയവരുടെ ഉൾപ്പടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിരുന്നെങ്കിലും മണിക്കൂറുകൾക്കകം ട്വിറ്റർ ബ്ലോക്ക് നീക്കി.

 ബ്ലോക്ക് നീക്കിയതിലൂടെ ട്വിറ്റർ  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ച് സർക്കാർ ട്വിറ്ററിന് നോട്ടീസ് അയച്ചത്. എന്നാൽ ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനാണ് മുൻഗണനയെന്നും അതേസമയം രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കുമെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്നും ട്വിറ്റർ വ്യക്തമാക്കി. 

സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിഭാഗം ട്വിറ്റർ അക്കൗണ്ടുകൾ ഇന്ത്യയിൽ മരവിപ്പിച്ചുവെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം അയച്ച നോട്ടീസിന് മറുപടിയായി ട്വിറ്റർ വ്യക്തമാക്കുന്നു. മരവിപ്പിച്ച അക്കൗണ്ടുകൾ ഇന്ത്യയ്ക്ക് പുറത്ത് ലഭ്യമാകും. അതേസമയം മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയക്കാർ എന്നിവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചില്ല. രാജ്യത്തെ നിയമം അനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാവുമിത്. 

കർഷക സമരവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം പ്രചരിപ്പിക്കുന്ന 1,178 ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യണം എന്നായിരുന്നു സർക്കാരിൻ്റെ ആവശ്യം. സർക്കാരിൻറെ ഇതുവരെയുള്ള നിർദ്ദേശങ്ങളനുസരിച്ച് അഞ്ഞൂറോളം അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ആരോ​ഗ്യപരമായ സംവാദം നടക്കുന്ന ഇടമായി ട്വിറ്ററിനെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും അതിനായി ട്വിറ്ററിൻ്റെ സേവനം മെച്ചപ്പെടുത്തുകയും നെ​ഗറ്റീവ് സ്വാഭവത്തിലുള്ള ഹാഷ് ടാ​ഗുകളുടെ ദൃശ്യത കുറയ്ക്കുമെന്നും ട്വിറ്റർ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. 

click me!