
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് കോൺഗ്രസ് എം.എൽ.എമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ (കിള്ളിയൂർ), പി. വിശ്വനാഥൻ (മേലൂർ) എന്നിവരാണ് പുതിയ മന്ത്രിമാരായി സ്ഥാനമേൽക്കുന്നത്. ആറ് പതിറ്റാണ്ടിന് ശേഷമാണ് തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നത് എന്നത് ഈ തീരുമാനത്തെ ചരിത്രപരമാക്കുന്നു.
രാവിലെ 10 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണറുടെ ചുമതലയുള്ള ആർ.വി. അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ നിലവിൽ മന്ത്രിമാരില്ലാത്ത സാഹചര്യം പരിഹരിക്കാനാണ് ഈ മന്ത്രിസഭാ വികസനം. കോൺഗ്രസിനെ ഭരണത്തിൽ ഉൾപ്പെടുത്തിയത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സഖ്യം ശക്തമാക്കാനും സഹായിക്കുമെന്നാണ് ടിവികെ വിലയിരുത്തൽ.
അതേസമയം, എ.ഐ.എ.ഡി.എം.കെയിലെ വിമത വിഭാഗത്തെ ഇപ്പോൾ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി വിജയ് തീരുമാനിച്ചിട്ടുണ്ട്. സഖ്യകക്ഷികളായ വി.സി.കെയും സി.പി.എമ്മും ഇതിനെ ശക്തമായി എതിർത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. എ.ഐ.എ.ഡി.എം.കെ അംഗങ്ങളെ ഉൾപ്പെടുത്തിയാൽ പിന്തുണ പിൻവലിക്കുമെന്ന് സി.പി.എം മുന്നറിയിപ്പ് നൽകിയിരുന്നു. തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) അഴിമതിവിരുദ്ധ പ്രതിച്ഛായ നിലനിർത്താനാണ് മുഖ്യമന്ത്രിയുടെ ഈ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam