Nationwide Strike : ആദ്യ മണിക്കൂറുകളിൽ ജനജീവിതം സ്തംഭിപ്പിച്ച് പണിമുടക്ക്; മത്സ്യമേഖലയെ കാര്യമായി ബാധിച്ചില്ല

Published : Mar 28, 2022, 07:58 AM ISTUpdated : Mar 28, 2022, 09:56 AM IST
Nationwide Strike : ആദ്യ മണിക്കൂറുകളിൽ ജനജീവിതം സ്തംഭിപ്പിച്ച് പണിമുടക്ക്; മത്സ്യമേഖലയെ കാര്യമായി ബാധിച്ചില്ല

Synopsis

ഡീസൽ വില വർധന ഉൾപ്പെടെ ഉള്ള ആവശ്യങ്ങൾ ഉയർത്തി കഴിഞ്ഞയാഴ്ച മൽസ്യ തൊഴിലാളികൾ രണ്ട് ദിവസം പണിമുടക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്  ഇന്നത്തെ പണിമുടക്ക് ശക്തമായി നടപ്പാക്കേണ്ടതില്ലെന്ന് യൂണിയനുകൾ തീരുമാനിച്ചത്. 

തിരുവനന്തപുരം: ആദ്യ മണിക്കൂറുകളിൽ ജനജീവിതം സ്തംഭിപ്പിച്ച് ദേശീയ പണിമുടക്ക് (Nationwide Strike). കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് അർധരാത്രി മുതല്‍ ആരംഭിച്ചു. ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനെതിരെ ബാങ്കിങ് സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ പണിമുടക്ക് വലിയ രീതിയില്‍ ബാധിച്ചെങ്കിലും മുംബൈ, ദില്ലി, ചൈന്നൈ ഉൾപ്പെടെ മഹാന​ഗരങ്ങൾ ജനജീവിതം സാധാരണ നിലയിലാണ്.

വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലേയും, മോട്ടോര്‍ വാഹന മേഖലയിലേയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ കേരളത്തിലെ ജനജീവിതവും സ്തംഭിച്ചു. പാല്‍, പത്രം, ആശുപത്രി, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, മത്സ്യമേഖലയെ ഇന്നത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. ഡീസൽ വില വർധന ഉൾപ്പെടെ ഉള്ള ആവശ്യങ്ങൾ ഉയർത്തി കഴിഞ്ഞയാഴ്ച മൽസ്യ തൊഴിലാളികൾ രണ്ട് ദിവസം പണിമുടക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മൽസ്യ മേഖലയിൽ ഇന്നത്തെ പണിമുടക്ക് ശക്തമായി നടപ്പാക്കേണ്ടതില്ലെന്ന് തൊഴിലാളി യൂണിയനുകൾ തീരുമാനിച്ചത്. 

പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും കൊവിഡ് കാലത്തിനുശേഷം പ്രതിസന്ധികളെ അതിജീവിക്കുന്ന ടൂറിസം മേഖലയ്ക്ക് വലിയ ആശങ്കയുണ്ട്. സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. അതേസമയം, പണിമുടക്ക് ഇത്തവണയും മുംബൈ നഗരത്തെ കാര്യമായി ബാധിച്ചില്ല. മുംബൈയില്‍ പൊതുഗതാഗതവും ഓട്ടോ ടാക്സി സർവീസും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു.

29-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്. എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്കിലുയര്‍ത്തുന്ന പ്രധാന പ്രതിഷേധം.  തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ്  സമരത്തിലെ പ്രധാന ആവശ്യങ്ങള്‍.  

അവശ്യപ്രതിരോധസേവനനിയമം പിൻവലിക്കുക, കൊവിഡ് കാലപ്രതിസന്ധിയിൽ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവർക്ക് പ്രതിമാസം 7500 രൂപ നൽകുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്തും പണിമുടക്ക്  ജനജീവിത്തെ സാരമായി ബാധിച്ചേക്കും.  22 തൊഴിലാളി സംഘടനകളാണ് സംസ്ഥാനത്ത് പണിമുടക്കിൽ പങ്കെടുക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾക്ക് പുറമേ വാഹനഗതാഗതവും പണിമുടക്കില്‍ സ്തംഭിച്ചു. പണിമുടക്കിന് മുന്നോടിയായി റേഷൻകടകളും സഹകരണബാങ്കുകളും കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചിരുന്നു.

സംസ്ഥാനത്ത് ബസ് ഗതാഗതവും സ്തംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച  ബസ് സമരം പിൻവലിച്ചിരുന്നുവെങ്കിലും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബസ് ഉടമകള്‍ ഇന്നലെ അറിയിച്ചിരുന്നു. പല സ്വകാര്യബസ്സുകളും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം   സർവീസ് നടത്തിയെങ്കിലും അർദ്ധരാത്രിയോടെ സർവീസ് അവസാനിപ്പിച്ചു. ഇതോടെ ബുധനാഴ്ചയോടെ മാത്രമേ സംസ്ഥാനത്ത് ബസ് ഗതാഗതം സാധാരണനിലയിലാകൂ. സംസ്ഥാനത്തെ ഓട്ടോ, ടാക്സി സർവീസുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

പൊതുപണിമുടക്ക് ചെന്നൈ നഗരത്തെ ബാധിച്ചിട്ടില്ല. രാവിലെ നഗരത്തിൽ ജനത്തിരക്കുണ്ട്. ഓട്ടോ, ടാക്സി സർവീസുകളും പതിവുപോലെ തുടരുന്നു. മെഡിക്കൽ ആവശ്യങ്ങൾക്കല്ലാത്ത അവധികൾ ഇന്നും നാളെയുംഅനുവദിക്കില്ലെന്ന് സംസ്ഥാനസർക്കാർ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും നാളെയും ജോലിക്കെത്താത്തവർക്ക് ശമ്പളം നഷ്ടമാകുമെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് അയച്ചസന്ദേശത്തിൽ പറയുന്നു. അതേ സമയം ഭരണകക്ഷിയായ ഡിഎംകെ അനുകൂല ട്രേഡ് യൂണിയനായ ലേബർ പ്രോഗ്രസീവ് ഫെഡറേഷനടക്കം സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ ജീവനക്കാർ പ്രത്യക്ഷസമരത്തിൽപങ്കെടുക്കാൻ സാധ്യത കുറവാണ്. എന്നാൽ ബാങ്കിംഗ് മേഖലയെ പണിമുടക്ക് ബാധിക്കാനാണ് സാധ്യത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്