ദില്ലി സംഘര്‍ഷം: മരണം മൂന്നായി, കർദ്ദംപുരിയിൽ കടകൾക്ക് തീയിട്ടു

By Web TeamFirst Published Feb 24, 2020, 8:13 PM IST
Highlights

കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ നേരത്തെ മരിച്ചിരുന്നു. ദില്ലി ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻലാലും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. 

ദില്ലി: ദില്ലി സംഘർഷത്തില്‍ മരണം മൂന്നായി. ഷാഹിദ് എന്നയാളാണ് കൊല്ലപ്പെട്ടത്. മൃതദേഹം ജി റ്റി ബി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മോജ്പൂരിൽ പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ നേരത്തെ മരിച്ചിരുന്നു. ദില്ലി ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻലാലും ഒരു പ്രദേശവാസിയുമാണ് നേരത്തെ  മരിച്ചത്.  കല്ലേറിൽ സഹദ്ര ഡിസിപിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കർദ്ദംപുരിയിൽ കടകൾക്ക് തീയിട്ടു.

സംഘര്‍ഷത്തിന് പിന്നാലെ വടക്കു കിഴക്കൻ ദില്ലിയിൽ എട്ട് കമ്പനി സിആർപിഎഫിനെ വിന്യസിച്ചിട്ടുണ്ട്. ഒരു കമ്പനി വനിതാ ദ്രുതകർമ സേനയെയും വിന്യസിച്ചു. ഉദ്യോഗ്‌ ഭവൻ, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ്, ജൻപഥ് എന്നീ നാല് മെട്രോ സ്റ്റേഷനുകൾ കൂടി അടച്ചു. സെൻട്രൽ സെക്രട്ടറിയേറ്റിൽ മെട്രോ ട്രെയിൻ മാറിക്കയറാനുള്ള സംവിധാനം ഉണ്ടാകും. നേരത്തെ ദില്ലി സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചിരുന്നു.  ട്രംപ് ദില്ലിയിലേക്ക് വരുന്നതിന്‍റെ ഭാഗമായുള്ള സുരക്ഷ സംവിധാനത്തിന്‍റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകൾ അടച്ചത്. 

വടക്ക് കിഴക്കൻ ദില്ലിയിൽ പൗരത്വ നിയമഭേദഗതിയെത്തുടർന്നുള്ള പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. ജഫ്രാബാദിനടുത്തുള്ള മോജ്പൂരിലും ഭജൻപുരയിലും സംഘർഷം രൂക്ഷമായി. നഗരത്തിൽ വ്യാപകമായി അക്രമം നടത്തിയവർ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. പെട്രോൾ പമ്പിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ടതോടെ പമ്പിലേക്കും തീ പടർന്നു. നിരവധി വീടുകളും കടകളും കല്ലേറിൽ തകർന്നു. ഇരുവിഭാഗങ്ങളിലും പെട്ട നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു. പത്ത് സംഘർഷ ബാധിത പ്രദേശങ്ങളിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

click me!