അയോധ്യയിലെ അഞ്ചേക്കറിൽ പള്ളി കൂടാതെ ആശുപത്രിയും ലൈബ്രററിയും പണിയും- സുന്നി ബോർഡ്

By Web TeamFirst Published Feb 24, 2020, 7:40 PM IST
Highlights

പള്ളിക്ക് പുറമേ, ഇന്‍ഡോ-ഇസ്ലാമിക് ഗവേഷണ കേന്ദ്രം, പബ്ലിക്ക് ലൈബ്രറി, ചാരിറ്റബിള്‍ ആശുപത്രി, മറ്റ് ഉപയോ​ഗപ്രദമായ സൗകര്യങ്ങൾ എന്നിവ ഒരുക്കും. പ്രാദേശിക ആവശ്യങ്ങള്‍ കണക്കിലെടുത്തായിരിക്കും പള്ളിയുടെ വലുപ്പത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന‌ും അദ്ദേഹം വ്യക്തമാക്കി.

ലക്നൗ: അയോധ്യ തർക്കഭൂമി കേസിൽ സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയിൽ പള്ളി കൂടാതെ ആശുപത്രിയും ഇന്‍ഡോ- ഇസ്ലാമിക് ഗവേഷണ കേന്ദ്രവും ലൈബ്രററിയും പണിയുമെന്ന് ഉത്തർ‌പ്രദേശ് സുന്നി സെന്റർ വഖഫ് ബോർഡ് അറിയിച്ചു. സുപ്രീംകോടതി ഉത്തരവ് പ്രകാരം  യുപി സര്‍ക്കാര്‍ അനുവദിച്ച ഭൂമി ഏറ്റെടുക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ച യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫറൂഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പള്ളി നിര്‍മ്മിക്കാന്‍ ഉടൻ തന്നെ ഒരു ട്രസ്റ്റ് രൂപീകരിക്കുമെന്ന് സുഫര്‍ ഫറൂഖി പറഞ്ഞു. ബാബറി മസ്ജിദ് എന്നുതന്നെയാണോ പള്ളിയുടെ പേര് എന്ന ചോദ്യത്തിന്, അത് ട്രസ്റ്റ് തീരുമാനിക്കുമെന്നും ബോർഡിന് അതിൽ ഇടപെടാൻ കഴിയില്ലെന്നും ഫറൂഖി പ്രതികരിച്ചു. പള്ളിക്ക് പുറമേ, ഇന്‍ഡോ-ഇസ്ലാമിക് ഗവേഷണ കേന്ദ്രം, പബ്ലിക്ക് ലൈബ്രറി, ചാരിറ്റബിള്‍ ആശുപത്രി, മറ്റ് ഉപയോ​ഗപ്രദമായ സൗകര്യങ്ങൾ എന്നിവ ഒരുക്കും.   പ്രാദേശിക ആവശ്യങ്ങള്‍ കണക്കിലെടുത്തായിരിക്കും പള്ളിയുടെ വലുപ്പത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന‌ും അദ്ദേഹം വ്യക്തമാക്കി.

2019 നവംബർ ഒൻപതിനായിരുന്നു സുപ്രധാനമായ രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ സുപ്രീംകോടതി വിധി. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായിരുന്ന ഭരണഘടനാ ബെഞ്ചാണ് കേസിൽ വിധി പുറപ്പെടുവിച്ചത്. അയോധ്യയിലെ തർക്കഭൂമിയായ 2.77 ഏക്കർ ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകിക്കൊണ്ടായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ വിധി. സുന്നി വഖഫ് ബോർഡിന് പള്ളി പണിയാൻ നഗരത്തിൽത്തന്നെ അഞ്ചേക്കർ നൽകണമെന്നും കോടതി വിധിച്ചു.

സുപ്രീംകോടതി വിധി പ്രകാരം, അയോധ്യ-ലഖ്‌നൗ ഹൈവേയിലെ ജില്ലാ ആസ്ഥാനത്തുനിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള സോഹാവാലിലാണ്  ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ ഭൂമി അനുവദിച്ചത്. വെള്ളിയാഴ്ചയായിരുന്നു സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിച്ചതായി സഫര്‍ ഫാറൂഖി അറിയിച്ചത്. ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം തങ്ങള്‍ ഇതുവരെ ഉയര്‍ത്തിയിട്ടില്ല. ഭൂമി സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്. പരമോന്നത കോടതിയുടെ തീരുമാനം അനുസരിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഫാറൂഖി ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍ക്കാര്‍ ഭൂമി കണ്ടെത്തി തങ്ങള്‍ക്ക് കൈമാറണമെന്നാണ് നവംബര്‍ ഒമ്പതിന്റെ സുപ്രീംകോടതി വിധി. അതില്‍ പള്ളിയും മറ്റു സൗകര്യങ്ങളും നിര്‍മിക്കുന്നതിന് തങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഭൂമി സ്വീകരിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നും അങ്ങനെ ചെയ്താല്‍ അത് കോടതിയലക്ഷ്യമാകും. ഇതു സംബന്ധിച്ച് തങ്ങളുടെ അടുത്ത നടപടി സംബന്ധിച്ച് ഫെബ്രുവരി 24ന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, തിങ്കളാഴ്ച ചേർന്ന യോ​ഗത്തിൽ എട്ട് അംഗങ്ങളുള്ള സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിലെ രണ്ടു പേര്‍ പങ്കെടുത്തില്ല. 
 

click me!