
ഭോപ്പാൽ : മധ്യപ്രദേശിൽ മലിന ജലം കുടിച്ച് രണ്ടു പേർ മരിച്ചതായി റിപ്പോർട്ട്. നാല്പത്തഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ളാദ് പട്ടേലിൻറെ ലോക്സഭ മണ്ഡലത്തിലാണ് സംഭവം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രായമായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ആരോഗ്യവിദഗ്ധർ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ ഇവർ മരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായ 10 പേർ ദാമോയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മലിനജലം കുടിച്ചത് വഴി ഗുരുതര ഉദരരോഗങ്ങളാണ് ബാധിച്ചിരിക്കുന്നതെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. ആരോഗ്യവിഭാഗം ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും രോഗികളെ പരിശോധിച്ച് വരികയാണെന്നും ആശുപത്രിയിലെ സീനിയർ ഡോക്ടർ സച്ചിൻ മലായ്യ പറഞ്ഞു. ഗ്രാമത്തിലെ നിരവധി പേർക്ക് അതിസാരമുണ്ടെന്ന് രോഗികളിലൊരാൾ പറഞ്ഞതായി ഡോക്ടർ വ്യക്തമാക്കി. മഴവെള്ളം കിണറ്റിലേക്ക് ഒലിച്ചിറങ്ങി കിണറ് മലിനമായിരിക്കുന്നുവെന്നും ഈ കിണറ്റിലെ വെള്ളമാണ് എല്ലാവരും കുടിക്കുന്നതെന്നും രോഗി പറഞ്ഞു.
ശ്രദ്ധിച്ചില്ലെങ്കില്‍ കുടിവെള്ളം പോലും ജീവനെടുക്കാമെന്നാണ് തുടര്‍ച്ചയായി പുറത്തുവരുന്ന മലിന ജലം കുടിച്ചുള്ള മരണങ്ങളുടെ റിപ്പോര്‍ട്ടുകൾ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് കുടിവെള്ളം മലിനമാണോ അല്ലയോ എന്ന് പരിശോധിക്കുക? വെള്ളത്തിന്‍റെ ചില സവിശേഷതകളിലൂടെ തന്നെ ചെറിയൊരു പരിധി വരെ നമുക്കിത് മനസിലാക്കാം. ഇതിനുള്ള ചില മാര്‍ഗങ്ങളാണിനി നിര്‍ദേശിക്കുന്നത്.
വെള്ളം കുടിക്കാൻ യോഗ്യമാണോ എന്ന് എങ്ങനെ അറിയാം?
വെള്ളത്തിന്‍റെ നിറം...
ശുദ്ധജലം, അതായത് കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കുന്ന വെള്ളം 'ക്ലിയര്‍' ആയിരിക്കണം. കിണറ്റുവെള്ളമാണെങ്കില്‍ ചെറിയ രീതിയില്‍ കരടുകളോ മണ്ണോ പൊടിയോ ഉണ്ടാകാം. എന്നാല്‍ അല്‍പസമയം വച്ചുകഴിഞ്ഞാല്‍ ഇവ താഴേക്ക് ഊറിപ്പോയി വെള്ളം 'ക്ലിയര്‍' ആകണം.
അയേണ്‍ അളവിലും കൂടുതലായി അടങ്ങിയ വെള്ളമാണെങ്കില്‍ ഇളം ഓറഞ്ച് നിറം കലര്‍ന്നിരിക്കാം. മാംഗനീസ് കൂടിയിട്ടുണ്ടെങ്കില്‍ പര്‍പ്പിള്‍- ഇരുണ്ട നിറം എന്നീ രീതിയില്‍ കാണാം.
വെള്ളത്തിന്‍റെ ഗന്ധം...
അതുപോലെ വെള്ളത്തിന് യാതൊരു തരത്തിലുള്ള ഗന്ധവും ഉണ്ടാകേണ്ടതില്ല. അതിനാല്‍ തന്നെ ഏതെങ്കിലും രീതിയില്‍ വെള്ളത്തില്‍ നിന്ന് ഗന്ധമുണ്ടാകുന്നുവെങ്കില്‍ അക്കാര്യം ശ്രദ്ധിക്കുക.
സള്‍ഫര്‍- അതുപോലെ ബാക്ടീരിയകള്‍ എന്നിവ ചേര്‍ന്ന് മലനമായ ജലമാണെങ്കില്‍ നല്ലരീതിയില്‍ തന്നെ ദുര്‍ഗന്ധം വരാം. പച്ചമണം എന്നൊക്കെ നമ്മള്‍ നാടൻ ഭാഷയിൽ പറയാറുണ്ട്. ഇങ്ങനെ വെള്ളത്തിന് മണം വരുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. മിക്കവാറും കക്കൂസ് മാലിന്യമാണ് ഇതിന് കാരണമാകുന്നത്. ഇവയില്‍ നിന്ന് വെള്ളത്തില്‍ കലരുന്ന ഇ-കോളി ബാക്ടീരിയ പലരോഗങ്ങള്‍ക്കും കാരണമാകാം. അതുപോലെ ചീഞ്ഞ ഇലകള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവയും കാരണമാകാം.
അതുപോലെ വെള്ളത്തിന് രാസപദാര്‍ത്ഥങ്ങളുടെ മണം, ഗ്യാസിന്‍റെ മണം, പെയിന്‍റ് തിന്നറിന്‍റെ മണം എന്നിവയുണ്ടെങ്കിലും ഇത് കുടിക്കാനോ പാചകത്തിനോ യോഗ്യമല്ലെന്ന് ( Water Poison ) മനസിലാക്കുക.
കുഴല്‍ക്കിണറിലെ വെള്ളത്തിന് പ്രധാനമായും സംഭവിക്കുന്നൊരു പ്രശ്നം അവയില്‍ ധാതുക്കളുടെ ബാലൻസില്‍ വരുന്ന അസന്തുലിതാവസ്ഥയാണ്. ലെഡ്, മെര്‍ക്കുറി, കോപ്പര്‍, ആര്‍സെനിക് എല്ലാം ഇത്തരത്തില്‍ അളവ് തെറ്റി വെള്ളത്തില്‍ കാണാം. ഭൂമിശാസ്ത്രപരമായ പ്രത്യേകത, അടുത്തെവിടെയെങ്കിലും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് എല്ലാം ഇങ്ങനെ വെള്ളത്തില്‍ കെമിക്കലുകള്‍- അല്ലെങ്കില്‍ മെറ്റലുകള്‍ കലരാനിടയാക്കും.
നിങ്ങള്‍ ചെയ്യേണ്ടത്...
ഒരുപക്ഷേ പെട്ടെന്നുള്ള വിഷബാധയുണ്ടായില്ലെങ്കില്‍ പോലും ദീര്‍ഘകാലം ഈ വെള്ളം കുടിക്കുന്നത് പല ഗൗരവമുള്ള അസുഖങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും നിങ്ങളെ നയിച്ചേക്കാം.
കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്ന വെള്ളത്തില്‍ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം അനുഭവപ്പെടുകയാണെങ്കില്‍ അത് പരിശോധനയ്ക്കായി അയക്കാവുന്നതാണ്. പഞ്ചായത്ത്- നഗരസഭ- മുനിസിപ്പാലിറ്റി അംഗങ്ങളെ അറിയിച്ചാല്‍ തന്നെ ഏറ്റവും അടുത്തുള്ള പരിശോധനാസൗകര്യം നിങ്ങള്‍ക്ക് ലഭ്യമാക്കാൻ അവര്‍ സഹായിക്കുന്നതാണ്. കേരളത്തില്‍ എല്ലായിടത്തും ഇന്ന് ഇതിനുള്ള സൗകര്യമുണ്ട്.
Read More : പഞ്ചാബ് മുഖ്യമന്ത്രി ദില്ലി ആശുപത്രിയില്‍; മലിനജലം കുടിച്ച് അണുബാധ വന്നതോ ? - വീഡിയോ വൈറല്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam