സ്വര്‍ണത്തരികള്‍ തേടി മാന്‍ഹോളിലിറങ്ങി; രണ്ട് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു

By Web TeamFirst Published Apr 9, 2022, 11:03 AM IST
Highlights

പ്രദേശത്ത് നിരവധി സ്വര്‍ണ്ണാഭരണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും അഴുക്കുചാലിലേക്ക് സ്വര്‍ണ്ണതരികളെത്താന്‍ സാധ്യതതയുണ്ടെന്ന് കരുതിയാണ് കരണും രോഹിതും പുലര്‍ച്ചെ ഒരുമണിയോടെ മാന്‍ഹാളിലിറങ്ങിയത്. 

അഹമ്മദാബാദ്: സ്വര്‍ണത്തരികള്‍ തേടി മാന്‍ഹോളിലിറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലിലെ സൂറത്തില്‍ ഗോപിപുര പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. രോഹിത് റാത്തോഡ് (24), കരൺ റാത്തോഡ് (27) എന്നിവരാണ് ദാരുണമായി മരണപ്പട്ടത്. ഗോപിപുരപ്രദേശത്തുള്ള   അംബാജി ക്ഷേത്രത്തിനു സമീപം ചെറിയ സ്വര്‍ണാഭരണ നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് വരുന്ന മലിന ജലത്തോടൊപ്പം സ്വര്‍ണത്തരികള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍ മാന്‍ഹോളിലിറങ്ങിയത്.

പ്രദേശത്ത് നിരവധി സ്വര്‍ണ്ണാഭരണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും അഴുക്കുചാലിലേക്ക് സ്വര്‍ണ്ണതരികളെത്താന്‍ സാധ്യതതയുണ്ടെന്ന് കരുതിയാണ് കരണും രോഹിതും പുലര്‍ച്ചെ ഒരുമണിയോടെ മാന്‍ഹാളിലിറങ്ങിയത്. സ്വര്‍ണ്ണം ലഭിക്കുമെന്ന് കരുതി നിരവധി പേര്‍ ഇത്തരത്തില്‍ എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.   10 അടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങിയ യുവാക്കള്‍ ശ്വാസതടസം നേരിട്ടതോടെയാണ് അപകടം മനസിലാക്കിയത്.  സഹായത്തിനായി ഇവര്‍ നിലവിളച്ചതോടെയാണ് പ്രദേശവാസികള്‍ വിവരമറിഞ്ഞതെന്ന് ആഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അഴുക്കുചാലിലെ പൈപ്പ് വെട്ടിമാറ്റിയാണ് ഇരുവരെയും പുറത്തെത്തിച്ചത്.  അബോധാവസ്ഥയിൽ ആയിരുന്ന യുവാക്കളെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ചീഫ് ഫയർ ഓഫീസർ ബസന്ത് പരീഖ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അത്വാലിൻസ് പൊലീസ് അപകട മരണത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.  

click me!