
ചെന്നൈ: ചികിത്സ ലഭിക്കാത്തതിനാൽ ചെന്നൈയിൽ രണ്ട് കൊവിഡ് രോഗികൾ കൂടി മരിച്ചു. കടുത്ത രോഗലക്ഷണങ്ങളില്ലെന്ന് പറഞ്ഞ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു. ഇന്നലെ ചികിത്സ കിട്ടാത്തതിനാൽ ഇവിടെ ഒരു റെയിൽവേ ഉദ്യോഗസ്ഥ മരിച്ചിരുന്നു.
ചെന്നൈ ട്രിപ്ലിക്കേൻ സ്വദേശി ജയ (57), അൽവാർപേട്ട് സ്വദേശി മധുസൂദനൻ (62) എന്നിവരാണ് ഇന്ന് മരിച്ചത്. ഇരുവരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
കൊവിഡ് രോഗികള്‍ ഇരട്ടിച്ചതോടെ തമിഴ്നാട്ടില്‍ ആശുപത്രികള്‍ നിറഞ്ഞ അവസ്ഥയാണ്. കിടക്കകള്‍ കിട്ടാതായതോടെ ആശുപത്രിയുടെ പുറത്ത് കൊവിഡ് രോഗികളുടെ നീണ്ട നിര കാണാം. കടുത്ത കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെ നിര്‍ബന്ധിച്ച് വീടുകളിലേക്ക് തിരിച്ചയക്കുകയാണ്. 200 രോഗികളെ ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രികളിൽ ഇപ്പോൾ രോഗികളുടെ എണ്ണം 350നും മുകളിലാണ്. താല്‍ക്കാലിക ഐസലോഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച വ്യാപാര കേന്ദ്രങ്ങളിലും സ്കൂളുകളിലും സ്ഥലമില്ല.
ഇന്നലെ മരിച്ച ചെന്നൈ സ്വദേശിയായ പ്രിയ ശ്രീധരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. കൊവിഡ് സ്ഥിരീകരിച്ച് വെള്ളിയാഴ്ച
ചെന്നൈ പെരമ്പൂര്‍ റെയില്‍വേ ആശുപ്ത്രിയില്‍ എത്തിയ പ്രിയയെ ഡോക്ടര്‍മാര്‍ തിരിച്ചയക്കുകയായിരുന്നു. ഗുരുതര ലക്ഷണങ്ങളില്ലാത്തതിനാൽ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ശ്വാസതടസ്സം രൂക്ഷമായി. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഡോക്ടര്‍മാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കളും റെയില്‍വേ ജീവനക്കാരും രംഗത്തെത്തിയിരുന്നു. പ്രിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനം അടച്ചു. ചെന്നൈയിൽ ഇന്ന് ഒരു ദിനപത്ര ഓഫീസും അടച്ചു.
അതേസമയം, തമിഴ്നാട്ടിൽ ഇന്ന് ആറ് ആഭ്യന്തര വിമാനയാത്രക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് സേലത്തേക്ക് വിമാനയാത്ര നടത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 56 പേരെ നിരീക്ഷണത്തിലാക്കും.
Read Also: സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൊവിഡ്, ഒരു മരണവും റിപ്പോർട്ട് ചെയ്തു, പടരുന്ന ആശങ്ക...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam