ദില്ലിയിൽ രണ്ട് മലയാളി നഴ്സുമാർക്കു കൂടി കൊവിഡ്; ഇവർ ജോലി ചെയ്യുന്നത് കൽറ ആശുപത്രിയിൽ

By Web TeamFirst Published May 27, 2020, 11:22 PM IST
Highlights

ഇവിടെ ജോലിയ ചെയ്തിരുന്ന നഴ്സായ അംബിക കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണങ്ങളും ഉയർന്നിരുന്നു.

ദില്ലി: ദില്ലിയിലെ കൽറ ആശുപത്രിയിൽ രണ്ട് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ ജോലിയ ചെയ്തിരുന്ന നഴ്സായ അംബിക കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണങ്ങളും ഉയർന്നിരുന്നു.

നഴ്സുമാർ സുരക്ഷാ ഉപകരണങ്ങൾ ചോദിച്ചപ്പോൾ ആശുപത്രി അധികൃതർ നൽകിയില്ലെന്നാണ് അംബികയുടെ സഹപ്രവർത്തക വെളിപ്പെടുത്തിയത്. നഴ്സുമാർക്ക് ഉപയോ​ഗിച്ച പിപിഇ കിറ്റുകളാണ് നൽകിയതെന്നും ഇവർ ആരോപിച്ചിരുന്നു.

മാസ്ക് ചോദിച്ചപ്പോൾ തുണികൊണ്ട് മുഖം മറയ്ക്കാൻ ആവശ്യപ്പെട്ടു. കുറഞ്ഞ എണ്ണം സ്റ്റാഫിനെ കൊണ്ട് കൂടുതൽ രോഗികളെ നോക്കാൻ ആവശ്യപ്പെട്ടു. രോഗികൾക്ക് കൊവിഡ് ഉണ്ടോ എന്ന് പരിശോധിക്കാൻ തയ്യാറായില്ല. പല രോ​ഗികളും കൊവിഡ് ലക്ഷണങ്ങളോടെയാണ് എത്തിയിരുന്നത്. എത്രയൊക്കെ പറഞ്ഞിട്ടും ആശുപത്രി അധികൃതർ നടപടികൾ സ്വീകരിച്ചില്ല. അംബികയ്ക്ക് പി പി ഇ കിറ്റുകൾ ആവശ്യപ്പെട്ട് വഴക്ക് ഉണ്ടാക്കേണ്ടി വന്നെന്നും സഹപ്രവർത്തക പറഞ്ഞിരുന്നു. 

അംബികയുടെ ചികിത്സക്കായി കൽറ ആശുപത്രി വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് കുടുംബവും ആരോപിച്ചിരുന്നു. ചികിത്സ നടത്തിയ സഫ്ദർദംഗ് ആശുപത്രിയിലും വേണ്ട സൗകര്യങ്ങൾ കിട്ടിയില്ലെന്നും അംബികയുടെ കുടുംബാം​ഗങ്ങൾ പറഞ്ഞിരുന്നു. അംബിക ജോലി ചെയ്തിരുന്ന കൽറ ആശുപത്രി ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകിയിരുന്നില്ല. മാസ്കിന് ഉൾപ്പെടെ പണം ആവശ്യപ്പെട്ടു. സുരക്ഷ ഉപകരണങ്ങൾ ഇല്ലാതെ ജോലി ചെയ്യേണ്ടി വന്നതുകൊണ്ടാണ് കൊവിഡ് ബാധയുണ്ടായത്. ആശുപത്രിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അംബികയുടെ മകൻ അഖിൽ പറഞ്ഞിരുന്നു. 

ഇരുപത്തിനാലാം തീയതിയാണ് പത്തനംതിട്ട സ്വദേശി അംബിക ദില്ലിയിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയായ കൽറയിൽ ജോലി ചെയ്തിരുന്ന അംബികയെ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം മരണം സംഭവിച്ചു. 

click me!