തമിഴ‍‍്‍നാട്ടിലെ വിഗ്രഹ മോഷണ പരമ്പരയ്ക്ക് വിരാമം, വൻ വിഗ്രഹ മോഷണ സംഘത്തെ പൊലീസ് പിടികൂടി

By Web TeamFirst Published Jul 1, 2022, 3:29 PM IST
Highlights

തമിഴ‍്‍നാട് തിരുവാടുതുറൈയിൽ വൻ വിഗ്രഹമോഷണ സംഘം പിടിയിൽ, ലക്ഷങ്ങൾ വിലമതിക്കുന്ന വിഗ്രഹങ്ങൾ കണ്ടെടുത്തു

ചെന്നൈ: തമിഴ‍്‍നാട് തിരുവാടുതുറൈയിൽ വൻ വിഗ്രഹമോഷണ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി വിഗ്രഹങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ‍്‍ഡിലാണ് മാസങ്ങളായി ക്ഷേത്രക്കവർച്ച നടത്തിവന്ന പ്രതികളെ തൊണ്ടിമുതലടക്കം പിടികൂടിയത്.

മയിലാടുതുറൈ ജില്ലയിലെ തിരുവാടുതുറൈ പ്രദേശത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി ക്ഷേത്രങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ മോഷണം പോകുന്നത് പതിവായിരുന്നു. ശിവരാമപുരം അഗ്രഹാരം, വെള്ള വെമ്പു മാരിയമ്മൻ ക്ഷേത്രം, ശ്രീരാഘവേന്ദ്ര ആശ്രമം എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്.

സിസിടിവിയിൽ നിന്ന് പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും മറ്റ് വിവരങ്ങളില്ലാതെ അന്വേഷണം വഴിമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ സന്ദേശമാണ് വഴിത്തിരിവായത്. ഡിഎസ്‍പി വസന്തരാജിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ റെയ‍്‍ഡിൽ പ്രതിയെ പിടികൂടി. കടലങ്കുടി സ്വദേശി കാർത്തികേയനാണ് ആദ്യം അറസ്റ്റിലായത്. തുടർന്ന് തഞ്ചാവൂർ തിരുവിടൈമരുദൂർ സ്വദേശി ഭാസ്കറും പിടിയിലായി. മോഷണം പോയ മിക്ക വിഗ്രഹങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. 23 കിലോഗ്രാം തൂക്കമുള്ള വെങ്കലത്തിൽ തീർത്ത അയ്യപ്പവിഗ്രഹമാണ് ഏറ്റവും വലുത്. രാഘവേന്ദ്ര, വീരബ്രഹ്മ, രാജരാജേശ്വരി വിഗ്രഹങ്ങളും പിടിച്ചെടുത്തവയിൽ പെടുന്നു. ചില വിഗ്രഹങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മോഷണമുതലുകൾ പിടിച്ചെടുത്ത പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി  അനുമോദിച്ചു.

click me!