
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സുന്ദർബൻസിൽ രണ്ട് യുവതികൾ വിവാഹിതരായി. 19 കാരിയായ റിയ സർദാറും 20 കാരിയായ രാഖി നസ്‌കറുമാണ് ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. ഇരുവരും പ്രൊഫഷണൽ നർത്തകരാണ്. ഏകദേശം രണ്ട് വർഷം മുമ്പ് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. രണ്ട് വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. ഒരു ക്ഷേത്രത്തിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. ജീവിതകാലം മുഴുവൻ ഒരുമിച്ചായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് രാഖി പറഞ്ഞു. റിയയുടെ കുടുംബം ഈ ബന്ധത്തെ എതിർത്തപ്പോൾ, രാഖിയുടെ കുടുംബം പിന്തുണ നൽകി.
അവരുടെ സഹായത്തോടെ, രണ്ട് സ്ത്രീകളും ക്ഷേത്രത്തിൽ വെച്ച് ലളിതമായ ചടങ്ങിൽ വിവാഹിതരായി. നാട്ടുകാരും പങ്കെടുത്തു. ആഘോഷത്തോടെയാണ് വിവാഹം നടന്നത്. ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട റിയയെ അമ്മായിയും അമ്മാവനുമാണ് വളർത്തിയത്. ഇന്ത്യയിൽ സ്വവർഗ വിവാഹങ്ങൾ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല. 2023 ഒക്ടോബറിൽ, സ്വവർഗ വിവാഹത്തിന് മൗലികാവകാശമില്ലെന്നും പ്രത്യേക വിവാഹ നിയമം സ്വവർഗ ദമ്പതികൾക്ക് ബാധകമല്ലെന്നും സുപ്രീം കോടതി വിധിച്ചു.