
ഹൈദരാബാദ്: ഹൈദരാബാദിലെ മോംഗിനിസ് കേക്ക് ഷോപ്പിൻ്റെ ഔട്ട്‌ലെറ്റിൽ ഭക്ഷ്യ സുരക്ഷാ ടാസ്‌ക് ഫോഴ്‌സിന്റെ മിന്നൽ റെയ്ഡ്. അൽവാളിലെ മച്ചാ ബൊല്ലാരത്തിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റിലാണ് പരിശോധന നടത്തിയത്. വളരെ വൃത്തിഹീനമായ സാഹചര്യമായിരുന്നെന്ന് അധികൃതർ പറഞ്ഞു. എലി, പാറ്റ തുടങ്ങിയ ജന്തുക്കളെയടക്കം ഉദ്യോഗസ്ഥർ ഔട്ട്ലെറ്റിൽ കണ്ടു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തെന്നും സംഭരണിയിൽ പലയിടത്തും എലിവിസർജ്ജനം കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വൃത്തിഹീനമായ സാഹചര്യമാണ് ഔട്ട്ലെറ്റിൽ ഉണ്ടായിരുന്നത്. ഭിത്തികളും മേൽക്കൂരയും ശോച്യാവസ്ഥയിലായിരുന്നു. ശീതീകരണ മുറിയിൽ സ്ഥാപിച്ചിട്ടുള്ള എസിയിലെ ചോർച്ച ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. റഫ്രിജറേറ്ററുകൾക്കുള്ളിൽ ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞ് വൃത്തിഹീനമായിരുന്നു. വൃത്തിഹീനമായ പ്ലാസ്റ്റിക് ഡ്രമ്മുകളാണ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ഉപയോഗിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് വർഷം പഴക്കമുള്ള ഭക്ഷ്യവസ്തുക്കളടക്കമുണ്ടായിരുന്നു. 5 ലിറ്റർ കേസർ സിറപ്പ്, 5 കിലോഗ്രാം പൈനാപ്പിൾ ഫ്ലേവറിംഗ്, 5 കിലോഗ്രാം ഫ്ലേവർ സംയുക്തങ്ങൾ, അര കിലോഗ്രാം വാനില ഫ്ലേവർ, 8 കിലോഗ്രാം ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ എന്നിവയും പിടിച്ചെടുത്തു. കൂടാതെ, പാക്കിംഗ് സാമഗ്രികളും മറ്റ് വസ്തുക്കളും നിലത്തും പടികളിലും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. മോംഗിനിസ് ഔട്ട്‌ലെറ്റ് എഫ്എസ്എസ്എഐ ലൈസൻസ് പ്രദർശിപ്പിച്ചില്ല. എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റർമാർക്കും ചരക്ക് ഗതാഗതത്തിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ആവശ്യമായ ലൈസൻസ് ആവശ്യമാണ്. കൂടാതെ, ജീവനക്കാരുടെ ആരോഗ്യ രേഖകളും സർട്ടിഫിക്കറ്റുകളും പ്രദർശിപ്പിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam