ബിഎംഡബ്ല്യൂ കാറിലെത്തി, ജി 20 ഉച്ചകോടിക്കായി ഒരുക്കിയ ചെടിച്ചട്ടികള്‍ മോഷ്ടിച്ചു; രണ്ട് യുവാക്കൾ പിടിയിൽ

By Vishnu N VenugopalFirst Published Mar 18, 2023, 11:14 AM IST
Highlights

ക്രമീകരണങ്ങളുടെ ഭാഗമായി ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡിന് ഇരുവശങ്ങളിലും ഡിവൈഡറിലുമൊക്കെ ചെടിച്ചട്ടികള്‍ വെച്ചിരുന്നു. ഈ ചെടികളാണ് യുവാക്കള്‍ മോഷ്ടിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നാഗ്പൂർ: ജി20 ഉച്ചകോടിക്കായി റോഡരികില്‍ പൂച്ചട്ടികൾ ആഡംബര കാറിലെത്തി മോഷ്ടിച്ച രണ്ടുയുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡില്‍ അലങ്കരിച്ചിരുന്ന ചെടിച്ചട്ടികളാണ് യുവാക്കള്‍ മോഷ്ടിച്ചത്. ലക്ഷങ്ങള്‍ വിലയുള്ള ബിഎംഡബ്ലു കാറിലെത്തിയാണ് യുവാക്കള്‍ ചെടി ചട്ടികള്‍ കടത്തിയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മാർച്ച് 20 മുതൽ 22 വരെ നടക്കുന്ന ജി 20  യോഗത്തിനത്തുന്ന പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിനായാണ് റോഡ് സൈഡുകള്‍ പൂച്ചെടികള്‍ വെച്ച് അലങ്കരിച്ചിരുന്നത്. ക്രമീകരണങ്ങളുടെ ഭാഗമായി ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡിന് ഇരുവശങ്ങളിലും ഡിവൈഡറിലുമൊക്കെ ചെടിച്ചട്ടികള്‍ വെച്ചിരുന്നു. ഈ ചെടികളാണ് യുവാക്കള്‍ മോഷ്ടിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ബിഎംഡബ്ല്യു കാറിൽ വന്ന പ്രതികൾ വാഹനം നിര്‍ത്തിയ ശേഷം കാറിന്‍റെ ബൂട്ടിൽ മൂന്ന് ചെടിച്ചട്ടികള്‍ കയറ്റി കൊണ്ടുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 

വീഡിയോ വൈറലായതോടെയാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. മോഷണത്തിനും പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമപ്രകാരവുമാണ് കേസ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാറും വാഹനമോടിച്ച യുവാക്കളെയും തിരിച്ചറിയുകയായിരുന്നു.  പ്രതിയെയും തിരിച്ചറിഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു. 25ഉം 22ഉം വയസ്സുള്ള പ്രതികൾ നാഗ്പൂർ സ്വദേശികളാണെന്ന്  റാണാ പ്രതാപ് നഗർ പൊലീസ്  ഇൻസ്പെക്ടർ മങ്കേഷ് കാലെ പറഞ്ഞു.  മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

കഴിഞ്ഞ മാസം ഗുരുഗ്രാമിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിഐപി ലൈസൻസ് പ്ലേറ്റുള്ള ആഡംബര വാഹനം ഓടിച്ചെത്തിയ രണ്ടുപേരാണ് ചെടികൾ മോഷ്ടിച്ചത്. ഇവർ പൂച്ചട്ടികൾ എടുത്ത് വാഹനത്തിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചത്. പിന്നീട് പ്രതികളെ അറസ്റ്റ് ചെയ്തു. കിയ കാര്‍ണിവല്‍ കാറിലെത്തി പൂക്കള്‍ മോഷ്ടിക്കുന്നതിന്‍റെ വീഡിയോയും വൈറലായിരുന്നു.

Read more : 'എന്തോ പ്രശ്നമുണ്ട്', മകന്‍റെ ഫോണ്‍, വീട്ടിലെത്തിയ സുഹൃത്ത് ഞെട്ടി; ഭാര്യയെ കൊന്ന് ജീവനൊടുക്കി 65 കാരൻ

tags
click me!