
ഭോപ്പാൽ : ഒരു ഉദ്യോഗസ്ഥന്റെ ടൈപ്പിങ് പിഴവ് മൂലം യുവാവിന് കിട്ടിയത് വലിയ പണി. ദേശീയ സുരക്ഷാ നിയമം പ്രകാരം ഒരു വർഷത്തിലേറെ ജയിലിൽ കഴിയേണ്ടിവന്നതായി റിപ്പോർട്ട്. മധ്യപ്രദേശ് സ്വദേശിയായ സുശാന്ത് ബൈസ് എന്നയാൾക്കാണ് ദുരവസ്ഥയുണ്ടായത്. മധ്യപ്രദേശ് ഹൈക്കോടതി ഇടപെട്ടാണ് ഇയാളെ റിലീസ് ചെയ്തത്.
മധ്യപ്രദേശിലെ ഷാഡോൾ ജില്ലയിലാണ് സംഭവമുണ്ടായത്. കോടതി ഇടപെടൽ കൊണ്ട് യുവാവിനെ സെപ്റ്റംബറിൽ മോചിപ്പിച്ചു. തെറ്റായ ഉത്തരവിൽ ഒപ്പുവെച്ചതിന് ഷാഡോൾ ജില്ലാ കളക്ടർ കേദാർ സിംഗിന് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴത്തുക മുഴുവനായും നിരപരാധിയായി ജയിലിൽ കഴിഞ്ഞ സുശാന്ത് ബൈസിന് നൽകാനും കോടതി ഉത്തരവിട്ടു.
യഥാർത്ഥത്തിൽ നീരജ് കാന്ത് ദ്വിവേദി എന്ന വ്യക്തിക്കെതിരെ എൻ എസ്എ. ചുമത്തിയ ഉത്തരവിലാണ് കളക്ടർ മാറി ഒപ്പിട്ടത്. തനിക്ക് പേര് മാറിപ്പോയതിനെക്കുറിച്ച് കളക്ടർ കോടതിയിൽ സമ്മതിച്ചു. ഷാഡോൾ ജില്ലയിലെ ബുഡ്വാ ഗ്രാമ സ്വദേശിയായ സുശാന്ത് ബൈസും, മറ്റൊരു കക്ഷിയുള്ള തർക്കവുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. ഇതിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയിട്ടും 2024 സെപ്റ്റംബർ 9 ന് സുശാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കളക്ടറുടെ ഉത്തരവിന് അംഗീകാരം നൽകിയ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കാനും മധ്യപ്രദേശ് ചീഫ് സെക്രട്ടറിക്കും ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു ക്ലർക്കിൻ്റെ 'ടൈപ്പോഗ്രാഫിക്കൽ പിഴവ്' മൂലമാണ് ആശയക്കുഴപ്പം ഉണ്ടായതെന്നും, ജീവനക്കാരന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഹോം അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. കോടതിയുടെ രൂക്ഷവിമർശനത്തോടെയാണ് ഈ ഗുരുതരമായ ഉദ്യോഗസ്ഥ അനാസ്ഥയ്ക്ക് വിരാമമായത്.