പൗരത്വ നിയമ ഭേദ​ഗതിയെ എതിർത്തു സംസാരിച്ചു; യാത്രക്കാരനെ പൊലീസിലേ‍ൽപിച്ച് കാർ ഡ്രൈവർ

By Web TeamFirst Published Feb 7, 2020, 11:44 AM IST
Highlights

ഷഹീന്‍ബാഗില്‍ പൗരത്വനിയമഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരത്തെക്കുറിച്ച് സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു ബപ്പാദിത്യ. സംഭാഷണം ശ്രദ്ധിച്ച ഡ്രൈവർ എടിഎമ്മിൽ നിന്നും പണമെടുക്കാനുണ്ടെന്നു പറഞ്ഞ് ഇടക്ക് വണ്ടി നിർത്തി. പിന്നീട് തിരിച്ചെത്തിയത് പൊലീസുമായാണ്.

ദില്ലി: പൗരത്വ നിയമ ഭേദ​ഗതിയെ എതിർത്ത് ഫോണിലൂടെ സംസാരിച്ചതിന്റെ പേരിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനെ പൊലീസിലേൽപിച്ച് ഊബർ ഡ്രൈവർ. കവിയും സാമൂഹ്യപ്രവർത്തകനുമായ ബപ്പാദിത്യ സർക്കാരിനെയാണ് ഡ്രൈവർ പൊലീസിലേൽപിച്ചത്. സാമൂഹ്യപ്രവർത്തകയായ കവിതാ കൃഷ്ണനാണ് തന്റെ സുഹൃത്തിനുണ്ടായ ദുരനുഭവം ട്വിറ്റർ അക്കൗണ്ടിലൂടെ സംഭവം പങ്കുവച്ചിരിക്കുന്നത്. 

ബുധനാഴ്ച രാത്രി മുംബ‌ൈയിലെ ജുഹുവില്‍ നിന്നും കുർലയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ഷഹീന്‍ബാഗില്‍ പൗരത്വനിയമഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരത്തെക്കുറിച്ച് സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു ബപ്പാദിത്യ. സംഭാഷണം ശ്രദ്ധിച്ച ഡ്രൈവർ എടിഎമ്മിൽ നിന്നും പണമെടുക്കാനുണ്ടെന്നു പറഞ്ഞ് ഇടക്ക് വണ്ടി നിർത്തി. പിന്നീട് തിരിച്ചെത്തിയത് പൊലീസുമായാണ്. ബൊപ്പാദിത്യയുടെ കയ്യിലുണ്ടായിരുന്ന ഡഫ്‍ലി എന്ന വാദ്യോപകരണത്തെക്കുറിച്ചും അഡ്രസ് എന്താണെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ ചോദിച്ചു. ജയ്പൂരിൽ നിന്നാണെന്ന് മറുപടി പറഞ്ഞതായി ബപ്പാദിത്യ വ്യക്തമാക്കി. 

Last night, poet had a scary episode in Mumbai, at the hands of an driver and cops (see screenshots): a glimpse of scary India under NPR NRC CAA, where every person will be incentivised to suspect & turn in others & police can harass everyone. pic.twitter.com/OOKUB58BxK

— Kavita Krishnan (@kavita_krishnan)

താൻ ഒരു കമ്യൂണിസ്റ്റാണെന്നും രാജ്യത്തെ കത്തിക്കാൻ പദ്ധതിയിടുന്നതായും മുംബൈയിൽ ഒരു ഷഹീൻബാ​ഗ് സൃഷ്ടിക്കുന്നതിനെക്കുറിച്ച് പറഞ്ഞതായും ഡ്രൈവർ പൊലീസിനോട് വെളിപ്പെടുത്തിയെന്ന് ബപ്പാദിത്യ കൂട്ടിച്ചേർത്തു. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തിട്ടുണ്ടെന്നായിരുന്നു ഡ്രൈവറുടെ അവകാശവാദം. താൻ രാജ്യദ്രോഹിയാണെന്നും ഇത്തരത്തിലുള്ള ആളുകള്‍ രാജ്യത്തെ നശിപ്പിക്കുമെന്നും പറഞ്ഞ് ‍മറ്റെവിടെയും കൊണ്ടുപോകാതെ പൊലീസിലേല്‍പിച്ചതിൽ അയാളോട് നന്ദി പറയുകയാണ് വേണ്ടതെന്നും ഡ്രൈവർ പറഞ്ഞതായി ബപ്പാദിത്യ പറയുന്നു.

അച്ഛന്റെ ശമ്പളം എത്രയാണെന്നും ജോലിയില്ലാതെ എങ്ങനെയാണ് ജീവിക്കുന്നതെന്നും പൊലീസ് ചോദിച്ചതായും ബൊപ്പാദിത്യ പറഞ്ഞു. മറ്റൊരു സാമൂഹ്യപ്രവർത്തകനായ എസ്, ​ഗോഹിൽ എത്തിയതിന് ശേഷം പുലർച്ചെ ഒരു മണിയോടെയാണ് പൊലീസ് ഇദ്ദേഹത്തെ വിട്ടയച്ചത്. 
 

click me!