പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം: ബീദറിലെ കുട്ടികളെ ഇനി ചോദ്യം ചെയ്യില്ലെന്ന്  പൊലീസ് മേധാവി

By Web TeamFirst Published Feb 6, 2020, 11:08 PM IST
Highlights

അറസ്റ്റിലായ രക്ഷിതാവിന്റെയും അധ്യാപികയുടെയും ജാമ്യാപേക്ഷയെ പൊലീസ് എതിർക്കില്ലെന്നും പൊലീസ് മേധാവി

ബംഗ്ലൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം കളിച്ച ബീദർ സ്കൂളിലെ വിദ്യാർത്ഥികളെ ഇനി ചോദ്യം ചെയ്യില്ലെന്ന് കർണാടക പൊലീസ് മേധാവി.  . അറസ്റ്റിലായ രക്ഷിതാവിന്റെയും അധ്യാപികയുടെയും ജാമ്യാപേക്ഷയെ പൊലീസ് എതിർക്കില്ലെന്നും പൊലീസ് മേധാവി പ്രവീൺ സൂദ് വ്യക്തമാക്കി. 
പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം അവതരിപ്പിച്ചതോടെയാണ് ബീദർ സ്കൂളിലെ വിദ്യാർത്ഥികള്‍ അധികൃതരുടെ കണ്ണിലെ കടിയായത്. അഞ്ച് കൂടുതല്‍ തവണയാണ് കുട്ടികളില്‍ പലരെയും പൊലീസ് ചോദ്യം ചെയ്തത്.  അതോടൊപ്പം പ്രധാനാധ്യാപികയെയും ഒരു കുട്ടിയുടെ അമ്മയെയും രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നാടകത്തിൽ പ്രധാനമന്ത്രിക്കെതിരായ സംഭാഷണത്തിന്‍റെ പേരിലാണ് കേസെടുത്തത്.

ജനുവരി 21 നാണ് നാല്, അഞ്ച്, ആറ് ക്ലാസിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്കൂളില്‍ നാടകം സംഘടിപ്പിച്ചത്. ഷഹീന്‍ ഗ്രൂപ്പിന്‍റെ കീഴിലുള്ള സ്കൂളിലായിരുന്നു സംഭവം. നാടകത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ സാമൂഹ്യപ്രവര്‍ത്തകനായ നിലേഷ് രക്ഷ്യാല്‍ നല്‍കിയ പരാതിയില്‍ സ്കൂളിന് സീല്‍ വച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളിലൊരാളുടെ അമ്മയായ നസ്ബുന്നീസയെയും പ്രധാനാധ്യാപിക ഫരീദ ബീഗത്തെയും അറസ്റ്റ് ചെയ്‍തിരുന്നു. 

 പ്രധാനമന്ത്രിക്കെതിരായ നാടകം കളിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുവെന്നാണ് സ്കൂളിനെതിരെ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. പൗരത്വനിയമഭേഗഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കിയാല്‍ രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ഈ രാജ്യം വിട്ടുപോകേണ്ടി വരുമെന്ന സന്ദേശമാണ് നാടകം നല്‍കുന്നതെന്നും ആരോപിക്കുന്നു.  

click me!