
മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കാനുള്ള നീക്കത്തിനെതിരെ കൈകോർത്ത് ശിവസേന (യുബിടി) വിഭാഗം നേതാവ് ഉദ്ധവ് താക്കറെയും എംഎൻഎസ് നേതാവ് രാജ് താക്കറെയും. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് മറാത്ത രാഷ്ട്രീയത്തിലെ അതികായന്മാരായ ഇരുവരും വേദി പങ്കിട്ടത്. 'അവജ് മറാത്തിച്ച' (മറാത്തി ശബ്ദം) എന്നായിരുന്നു പരിപാടിയുടെ പേര്. ആയിരങ്ങളാണ് സമ്മേളനത്തിൽ എത്തിയത്. ഹിന്ദി അടിച്ചേൽപ്പിക്കൽ നീക്കത്തിനെതിരെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും (യുബിടി) രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമ്മാൺ സേനയും (എംഎൻഎസ്) ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ സംയുക്ത പ്രതിഷേധം നടത്താൻ നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാൽ, സർക്കാർ ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് നേതാക്കൾ 'വിജയ റാലി' നടത്തുകയായിരുന്നു.
മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി താക്കറെ സഹോദരന്മാരുടെ പുനഃസമാഗമം പ്രധാനമാണ്. താക്കറെ കുടുംബത്തിന് പുറമെ, മഹാ വികാസ് അഘാഡിയുടെ പ്രധാന നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച എല്ലാ സംഘടനകളെയും റാലിയിൽ പങ്കെടുക്കാൻ ഇരു പാർട്ടികളും ക്ഷണിച്ചിട്ടുണ്ട്. ഇരുവരും സഖ്യം രൂപീകരിച്ചാൽ, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ തങ്ങളുടെ സ്വാധീനം നിലനിർത്താൻ ശിവസേനയ്ക്ക് (യുബിടി) കോൺഗ്രസിന്റെയും എൻസിപിയുടെയും സഹായം ആവശ്യമുണ്ടാകില്ലെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ പറഞ്ഞു.
മുൻ മുഖ്യമന്ത്രി നാരായൺ റാണെ അവിഭക്ത ശിവസേന വിട്ടതിനുശേഷം 2005 ൽ മാൽവൻ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു ഇരു നേതാക്കളും അവസാനമായി വേദി പങ്കിട്ടത്. രാജ് താക്കറെ അതേ വർഷം തന്നെ ശിവസേന വിട്ട് 2006 ൽ എംഎൻഎസ് രൂപീകരിച്ചു.
മറാത്തിയിൽ സംസാരിക്കാത്തതിന് ഒരു ബിസിനസ് ഉടമയെ എംഎൻഎസ് പ്രവർത്തകർ ആക്രമിച്ചതിനെത്തുടർന്ന് ഉണ്ടായ വിവാദങ്ങൾക്കിടെയാണ് വിജയാഘോഷം. പാർട്ടി പതാക, ബാനറുകൾ, തിരഞ്ഞെടുപ്പ് ചിഹ്നം, ഹോർഡിംഗുകൾ, സ്കാർഫ് എന്നിവയുൾപ്പെടെ ഒരു പാർട്ടി ചിഹ്നവും പരിപാടിയിൽ ഉപയോഗിക്കേണ്ടതില്ലെന്ന് ഇരു പാർട്ടികളും തീരുമാനിച്ചു.
ഞങ്ങളെ ഒന്നിപ്പിക്കുക എന്നത് ബാൽ താക്കറെയ്ക്ക് പോലും ചെയ്യാൻ കഴിയാതിരുന്ന കാര്യം ദേവേന്ദ്ര ഫഡ്‌നാവിസ് സാധിച്ചുവെന്ന് രാജ് താക്കറെ പറഞ്ഞു. നിങ്ങൾക്ക് വിധാൻ ഭവനിൽ അധികാരമുണ്ടാകാം, ഞങ്ങൾക്ക് തെരുവുകളിൽ അധികാരമുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ ത്രിഭാഷാ ഫോർമുല നിങ്ങൾക്ക് എവിടെ നിന്നാണ് ലഭിച്ചത്? ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എല്ലാം ഇംഗ്ലീഷിലാണ് കൈകാര്യം ചെയ്യുന്നത്. മഹാരാഷ്ട്ര ഉണരുമ്പോൾ, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ത്രിഭാഷാ നയത്തിന്റെ ഭാഗമായി ഇംഗ്ലീഷ്, മറാത്തി മീഡിയം സ്കൂളുകളിൽ പഠിക്കുന്ന 1 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കി ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ ഏപ്രിൽ 16 ന് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എതിർപ്പുകൾക്കിടയിലും, ജൂൺ 17 ന് സർക്കാർ ഹിന്ദി ഒരു ഓപ്ഷണൽ ഭാഷയാക്കി ഭേദഗതി ചെയ്ത ഉത്തരവ് പുറപ്പെടുവിച്ചു. വലിയ പ്രതിഷേധത്തെത്തുടർന്ന് ജൂൺ 29 ന് സർക്കാർ ഉത്തരവുകൾ പിൻവലിച്ചു.