ബുലന്ദ്ഷഹറിലെ സന്യാസികളുടെ കൊലപാതകം; യോഗിയെ ഫോണില്‍ വിളിച്ച് ഉദ്ധവ് താക്കറെ

By Web TeamFirst Published Apr 28, 2020, 4:28 PM IST
Highlights

 ബുലന്ദ്ഷഹറിലെ കൊലപാതകത്തില്‍ വര്‍ഗീയതയില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഉദ്ധവ് താക്കറെ യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

ലക്നൌ: ബുലന്ദ്ഷഹറിൽ രണ്ട് സന്യാസികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി. കഴിഞ്ഞ ദിവസമാണ് മോഷ്ടാവെന്ന് വിളിച്ചതില്‍ പ്രകോപിതനായ യുവാവ് ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് സന്യാസിമാരെ കൊലപ്പെടുത്തിയത്. ഇത്തരം നീചമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ യോഗി സര്‍ക്കാരിനൊപ്പം മഹാരാഷ്ട്രയുണ്ടാവുമെന്ന് ഉദ്ധവ് താക്കറെ അറിയിച്ചു. ബുലന്ദ്ഷഹറിലെ കൊലപാതകത്തില്‍ വര്‍ഗീയതയില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഉദ്ധവ് താക്കറെ യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

ജഗന്‍ദാസ്(55), സേവാദാസ് (35)  എന്നീ രണ്ട് സന്യാസിമാരാണ് ക്ഷേത്രത്തിലെ താത്ക്കാലിക താമസ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ രാജു എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റവാളി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇയാൾ എല്ലായ്പ്പോഴും ലഹരി ഉപയോ​ഗിക്കുന്ന ആളാണ്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇയാൾ മോഷ്ടാവാണെന്ന് സന്യാസിമാർ ആരോപിച്ചിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ലഹരി ഉപയോഗിച്ചതിന് ശേഷം ഇവരുടെ താമസ സ്ഥലത്തെത്തി വാളുപയോ​ഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

സന്യാസിമാരെ വധിച്ചത് ദൈവവിളിയെന്നാണ് പ്രതി പറയുന്നതെന്നും ലഹരിയുടെ ആലസ്യത്തിലുള്ള യുവാവ് ചോദ്യം ചെയ്യലിനോട് കാര്യമായി പ്രതികരിക്കുന്നില്ലെന്നും പൊലീസ് വിശദമാക്കി. നേരത്തെ അക്രമിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നിർദ്ദേശിച്ചിരുന്നു. പാല്‍ഘറില്‍ സന്യാസികള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഉദ്ധവ് താക്കറെയെ ഫോണില്‍ വിളിച്ച് യോഗി ആദിത്യനാഥ് കര്‍ശന നടപടി ആവശ്യപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ബുലന്ദ്ഷഹറില്‍ രണ്ട് സന്യാസികളെ വെട്ടിക്കൊലപ്പെടുത്തിയത്. 

click me!