'ഭാവിയിലെ സുഹൃത്ത്'; അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ട് ഉദ്ധവ് താക്കറെയുടെ പരാമര്‍ശം

By Web TeamFirst Published Sep 17, 2021, 6:28 PM IST
Highlights

ഉദ്ധവ് താക്കറെയുടെ പരാമര്‍ശം കേള്‍ക്കാന്‍ സുഖമുണ്ടെന്നും രാഷ്ട്രീയത്തില്‍ ഏത് നിമിഷവും എന്തും സംഭവിക്കാമെന്നും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി തമാശ പറയുന്നയാളാണെന്നും ഇതും തമാശയായി മാത്രം കണ്ടാല്‍ മതിയെന്നും കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെ പ്രതികരിച്ചു.
 

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ 'ഭാവിയിലെ സുഹൃത്ത്' പരാമര്‍ശം രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. ഔറംഗബാദില്‍ നടന്ന പരിപാടിയിലാണ് ബിജെപി നേതാവും റെയില്‍വേ സഹമന്ത്രിയുമായ റാവുസാഹേബ് ദാന്‍ഡെയെ 'ഭാവിയിലെ സുഹൃത്ത്' എന്ന് വിശേഷിപ്പിച്ചത്.  പരിപാടിയില്‍ 'തന്റെ മുന്‍ സുഹൃത്ത്, ഇനിയും ഒരുമിച്ചാല്‍ ഭാവിയിലെ സുഹൃത്ത്' എന്നാണ് താക്കറെ തമാശരൂപേണ പറഞ്ഞത്. താക്കറെ ഉദ്ധരിച്ച മറ്റൊരു പരാമര്‍ശവും ചര്‍ച്ചയായി.

'എനിക്ക് ഒരുകാരണം കൊണ്ട് റെയില്‍വേ ഇഷ്ടമാണ്. നിങ്ങള്‍ക്ക് പാത ഉപേക്ഷിക്കാനോ വഴിതിരിച്ചുവിടാനോ സാധിക്കില്ല. പക്ഷേ നിങ്ങള്‍ക്ക് വഴി തിരിച്ചുവിടണമെങ്കില്‍ ഞങ്ങളുടെ സ്റ്റേഷനില്‍ വരാം. എന്‍ജിന്‍ ട്രാക്കില്‍ തന്നെയുണ്ടാകും'- ഉദ്ധവ് താക്കറെ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ പരാമര്‍ശം കേള്‍ക്കാന്‍ സുഖമുണ്ടെന്നും രാഷ്ട്രീയത്തില്‍ ഏത് നിമിഷവും എന്തും സംഭവിക്കാമെന്നും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി തമാശ പറയുന്നയാളാണെന്നും ഇതും തമാശയായി മാത്രം കണ്ടാല്‍ മതിയെന്നും കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെ പ്രതികരിച്ചു. 2019ലാണ് വര്‍ഷങ്ങള്‍ നീണ്ട സഖ്യം ബിജെപിയും ശിവസേനയും അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ്  സഖ്യത്തിന് തടസ്സമായത്. തുടര്‍ന്ന് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. കൂടുതല്‍ സീറ്റ് നേടിയ ഒറ്റകക്ഷിയായ ബിജെപി പ്രതിപക്ഷത്താണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!