
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ വാർധയിൽ ഇരുപത്തഞ്ചുകാരിയായ കോളേജ് അധ്യാപികയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. കഴിഞ്ഞ ആഴ്ചയാണ് പിന്തുടർന്ന് ശല്യം ചെയ്തു കൊണ്ടിരുന്ന പ്രതി അധ്യാപികയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. വളരെ പ്രാകൃതവും പൈശാചികവുമായ നടപടിയാണിതെന്നും വിശദീകരിക്കാൻ വാക്കുകളില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
''എല്ലാവരോടും ക്ഷമയോടെ ഇരിക്കാൻ അഭ്യർത്ഥിക്കുന്നു. പ്രതിയ്ക്ക് ഉടനടി ശിക്ഷ നൽകും. സംഭവത്തിൽ കർശന നടപടി എടുക്കാനാണ് സർക്കാരിന്റെ തീരുമാനം.'' താക്കറേ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവം അതിവേഗ കോടതിയിൽ തീർപ്പാക്കാനാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കി. കൂടാതെ മരണപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളിലൊരാൾക്ക് സർക്കാർ ജോലി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ചയിലാണ് കോളേജിലേക്ക് പോയ അധ്യാപികയെ വഴിമധ്യേ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. നാൽപത് ശതമാനത്തിലധികം പൊള്ളലേറ്റ അധ്യാപിക നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. പ്രതി വികാസ് നഗ്രാലേ എന്നയാളെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുമായി ഇയാൾ സൗഹൃദത്തിലായിരുന്നു. എന്നാൽ സൗഹൃദം അവസാനിപ്പിച്ചതിന് ശേഷം ഇയാൾ യുവതിയെ നിരന്തരമായി ശല്യം ചെയ്യുകയായിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യമുന്നയിച്ച് വിദ്യാർത്ഥികളും സ്ത്രീകളുമുൾപ്പെടെയുള്ള പ്രദേശ വാസികൾ മാർച്ച് നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam