
മുംബൈ: മഹാരാഷ്ട്രയുടെ 18–ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. ശിവാജി പാർക്കിൽ വൻ ജനാവലിയെ സാക്ഷിനിർത്തി ഗവർണർ ഭഗത് സിംഗ് കോഷിയാരി ഉദ്ധവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ശിവസേന ജന്മംകൊണ്ട ശിവജി പാർക്കിൽ ബാൽ താക്കറെയുടെ ശവകുടീരത്തെ സാക്ഷിയാക്കിയാണ് മകൻ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി ചുമതലയേറ്റെടുത്തത്. അങ്ങനെ താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയായി ഉദ്ധവ്. ത്രികക്ഷി സഖ്യത്തിലെ ആറുപേരും ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസിൽ നിന്ന് പിസിസി പ്രസിഡന്റ് ബാലാസാഹെബ് തോറാട്ട്, നിതിന്‍ റാവത്ത് എന്നിവരും. എൻസിപിയിൽ നിന്ന് ജയന്ത് പാട്ടീൽ, ഛഗൻ ഭുജ്ബൽ. ശിവസേനയിൽ നിന്ന് ഏക്നാഥ് ഷിൻഡെ, സുഭാഷ് ദേശായി എന്നിവരും ഉദ്ധവിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ശരത് പവാറും സുപ്രിയ സുളെക്കുമൊപ്പം അജിത് പവാറും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
ചടങ്ങുകൾക്ക് തൊട്ട് മുമ്പാണ് സഖ്യത്തിന്‍റെ പൊതുമിനിമം പരിപാടി പ്രഖ്യാപിച്ചത്. സഖ്യത്തിന്‍റെ മതേതര മുഖമാണ് ആമുഖത്തിൽ. കാർഷിക കടങ്ങൾ എഴുതിതള്ളുന്നതടക്കം വാഗ്ദാനങ്ങളും ഉണ്ട്. സഖ്യത്തിന്‍റെയും സർക്കാരിന്‍റെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രണ്ട് ഏകോപന സമിതികളെയും നിയോഗിക്കും.
സോണിയയും രാഹുലുമെത്തിയില്ല
സുപ്രധാനമായ ഒരു രാഷ്ട്രീയ വഴിത്തിരിവിലൂടെ ശിവസേന - എൻസിപി - കോൺഗ്രസ് സർക്കാർ മഹാരാഷ്ട്ര പോലൊരു വലിയ സംസ്ഥാനത്ത്, അതും ബിജെപിക്ക് തിരിച്ചടി നൽകിക്കൊണ്ട് അധികാരമേൽക്കുമ്പോൾ, അത് കാണാൻ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയോ രാഹുൽ ഗാന്ധി എംപിയോ എത്തിയില്ല. പശ്ചിമബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജിയും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam