
മുംബൈ: മുംബൈയിൽ 10 പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് ആശുപത്രിലെ തീപിടിത്തത്തിൽ മാപ്പ് ചോദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മരിച്ചവരുടെ കുടുംബാംഗങ്ങളോട് ക്ഷമചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.
ആളുകളെ രക്ഷപെടുത്താൻ അഗ്നിശമന സേനാംഗങ്ങൾ വലിയ പരിശ്രമമാണ് നടത്തിയത്. എന്നാൽ വെന്റിലേറ്ററിലുണ്ടായിരുന്ന ചിലരെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. മരിച്ചവരുടെ കുടുംബങ്ങളോട് മാപ്പ് ചോദിക്കുകയാണെന്നും ഉദ്ദവ് പറഞ്ഞു. സംഭവ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീപിടിത്തത്തിൽ ഇതുവരെ 10 പേരാണ് മരിച്ചത്. മുംബൈയിലെ ഡ്രീംസ് മാളിലെ സൺറൈസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 12:30 ഓടെയാണ് അപകടം നടന്നത്. ഡ്രീംസ് മാളിലെ മൂന്നാം നിലയിലാണ് തീപിടിച്ചത്. സംഭവസമയം 70ൽ അധികം രോഗികൾ ഇവിടെയുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഇരുപത്തിരണ്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിരുന്നു.
മാളില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ആദ്യമായി കാണുകയാണെന്നും ഇക്കാര്യത്തില്‍ ഗൗരവകരമായ നടപടി സ്വീകരിക്കുമെന്നും മുംബൈ മേയര്‍ കിഷോരി പണ്ഡേക്കര്‍ പറഞ്ഞു. ഏഴ് പേർ വെന്റിലേറ്ററിലാണെന്നും 70 പേരെ മറ്റ് ആശുപത്രിയിലേക്കു മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീപിടിത്തമുണ്ടായതിന്റെ കാരണം അന്വേഷിക്കുമെന്നും മേയർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam