തമിഴ്‌നാട്ടിൽ ഇനി വിജയ് Vs ഉദയനിധി പോര്, ഡിഎംകെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു, പ്രതിപക്ഷ നേതാവാകും

Published : May 10, 2026, 07:05 PM IST
Udhayanidhi

Synopsis

ഡിഎംകെ നിയമസഭാകക്ഷി യോഗം ഉദയനിധി സ്റ്റാലിനെ പുതിയ നേതാവായി തെരഞ്ഞെടുത്തു. ഇതോടെ തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരായ പ്രതിപക്ഷത്തെ ഉദയനിധി നയിക്കും. ഇത് ഡിഎംകെയിലെ തലമുറമാറ്റത്തെയും സൂചിപ്പിക്കുന്നതാണ്

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഇനി വിജയ് - ഉദയനിധി പോരാട്ടം. ഇന്ന് ചേർന്ന ഡി എം കെ നിയമസഭാകക്ഷി യോഗം നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു. ഇതോടെയ തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവാര് എന്ന ചോദ്യത്തിന് കൂടിയാണ് ഉത്തരമായത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ ഉദയനിധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിലൂടെ ഡി എം കെയിൽ തലമുറ മാറ്റം കൂടിയാണ് സംഭവിച്ചിരിക്കുന്നത്. മുതിർന്ന നേതാവ് കെ എൻ നെഹ്‌റുവാണ് നിയമസഭാകക്ഷി ഉപനേതാവ്. ഭരണകക്ഷിയായ ടി വി കെയും മുഖ്യമന്ത്രി വിജയ്‌യും നേരിടുക ഡി എം കെയുടെ യുവനേതാവിനെയാകും എന്ന പ്രത്യേകതയുമുണ്ട്. നേതൃപദവി കരുണാനിധി കുടുംബത്തിൽ തന്നെ നിലനിർത്തിയതിലൂടെ പാർട്ടിക്കുള്ളിലെ അധികാരം ഊട്ടിയുറപ്പിക്കുകയാണ് സ്റ്റാലിൻ.

ആദ്യ ദിനം തന്നെ വിജയ് സർക്കാരിന് വിമർശനം

അതേസമയം തമിഴ്നാട്ടിൽ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം തന്നെ സർക്കാരിനെതിരെ വിമർശനവും ഉയർന്നു. സത്യപ്രതിജ്ഞ വേദിയിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടാണ് വിമർശനം കനക്കുന്നത്. തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്ന് ആക്ഷേപിച്ച്  പ്രതിപക്ഷമായ ഡി എം കെയും ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന സി പിഐ യും രം​ഗത്തെത്തി. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഡി എം കെ - ടി വി കെയും തമ്മിൽ സൈബർ പോരും ശക്തമായിട്ടുണ്ട്. വേദിയിലെ വന്ദേമാതരത്തിലൂടെ വിജയ് ബി ജെ പിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചെന്നും തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്നുമുള്ള ആക്ഷേപമാണ് ഡി എം കെ ഉയർത്തുന്നത്. ബംഗാളിലെ സത്യപ്രതിജ്ഞയിൽ പോലും വന്ദേമാതരം അലപിച്ചിരുന്നില്ലെന്ന് ഡി എം കെ ഹാൻഡിലുകൾ ചൂണ്ടിക്കാട്ടുന്നു. 2021 ലെ സ്റ്റാലിൻ്റെ സത്യപ്രതിജ്ഞ വീഡിയോ പങ്കുവച്ചാണ് ടി വി കെ ഹാൻഡിലുകൾ രം​ഗത്തെത്തുന്നത്. സ്റ്റാലിൻ മുഖ്യമന്ത്രി ആയിരിക്കെ, അർലേക്കർ ഗവർണർ ആയി ചുമതലയേറ്റെടുത്ത ചടങ്ങിൽ വന്ദേമാതരം ആലപിച്ചതും ചൂണ്ടിക്കാട്ടിയാണ് ടി വികെ  മറുപടി. പ്രോട്ടോക്കോൾ മാറ്റത്തിന് കാരണം അറിയണമെന്നും തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി പോയെന്നും ചൂണ്ടിക്കാട്ടിയാണ് സി പി ഐയുടെ വിമർശനം. സംസ്ഥാനത്തിന്റെ പാരമ്പര്യം ഇതല്ലെന്നും നിയമസഭയിൽ എം എൽ എമാരുടെ സത്യപ്രതിജ്ഞക്ക് തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്നും സി പി ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറ്റ ചിത്രം മാത്രം വിജയ്‍യുടെ ഓഫീസിൽ; ഡിഎംകെയെയും എഐഎഡിഎംകെയെയും ചൊടിപ്പിച്ച് ആരംഭം, അണ്ണാദുരൈ ആരുടേയും സ്വത്ത് അല്ലെന്ന് വിജയ്
'ബിജെപിയുടെ ദൂതുമായി പോയതല്ല, 42 വർഷത്തെ സൗഹൃദം'; സ്റ്റാലിനെ കണ്ടതിൽ വിശദീകരണവുമായി രജനികാന്ത്