
ബെംഗ്ലൂരു: കര്‍ണാടകയിലെ സ്കൂളുകളില്‍ ഹിജാബ് (Hijab) നിരോധിച്ചതിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടി ഉഡുപ്പി വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് നിരോധിച്ചത് മതസ്വാതന്ത്രത്തിനുള്ള അവകാശം നിഷേധിച്ചതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടി. കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടയുന്ന സംഭവം പതിവായതോടെ സ്കൂളുകളിലും കോളേജുകളിലും ശിരോവസ്ത്രം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാതിരുന്നത് പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. ഹിജാബ് ധരിച്ചെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ കോളേജില്‍ മൂന്ന് ദിവസമാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചത്. യൂണിഫോമിലെ ഒരേ സ്വഭാവത്തിന് ഹിജാബ് വിലങ്ങ് തടിയാവുന്നെന്നായിരുന്നു പ്രിന്‍സിപ്പലിന്‍റെ വാദം. പിന്നീട് കളക്ടറുടെ ഇടപെടലില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിനികളുടെ ഭരണഘടനാ പരമായ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കളക്ടര്‍ വ്യക്തമാക്കുകയായിരുന്നു. കോളേജിനകത്ത് അറബിയും ഉറുദുവും ബ്യാരി ഭാഷയും സംസാരിക്കരുതെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേയും പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam