
ആധാറിന്റെ ഓഫ്‌ലൈൻ ഉപയോഗം സ്റ്റാൻഡേർഡ് ആക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഐഡന്റിറ്റി വെരിഫിക്കേഷൻ നടത്തുന്ന രീതിയിലായിരിക്കും മാറ്റം. ഹോട്ടലുകൾ, ഗേറ്റഡ് കമ്മ്യൂണിറ്റികൾ, റെസ്റ്റോറന്റുകൾ, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവയിൽ പ്രവേശിക്കാൻ സ്കാൻ ആവശ്യപ്പെടുന്ന ഓഫ്‌ലൈൻ ആധാർ വെരിഫിക്കേഷനായി സർക്കാർ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
വരാനിരിക്കുന്ന മാറ്റത്തിൽ ക്യുആർ കോഡുകളും ആധാർ ഡാറ്റയുമായി ബന്ധപ്പെട്ട് ഉപയോക്താവിന്റെ മുഖം സ്കാൻ ചെയ്യുന്ന പ്രൂഫ് ഓഫ് സൻസൻസ് സിസ്റ്റവും ഉപയോഗിക്കും. യുഐഡിഎഐ സെർവറുകളിലേക്ക് തത്സമയ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ലാതെ തന്നെ വെരിഫിക്കേഷൻ നടത്താം.
നിലവിലുള്ള മുഖം-പ്രാമാണീകരണ ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ സംവിധാനം. ആധാർ പരിശോധനകൾ ഓഫ്‌ലൈനായി നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ആധാർ ആപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണെന്ന് യുഐഡിഎഐ അറിയിച്ചിരുന്നു. പ്രീ-ലോഞ്ച് ടെസ്റ്റിംഗ് ഘട്ടങ്ങളിൽ, ക്യുആർ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണം പ്രാപ്തമാക്കുന്നതിനും ഉപയോക്താക്കൾക്ക് ഡിജിറ്റൽ ആധാർ കൊണ്ടുപോകാൻ അനുവദിക്കുന്നതിനും പ്രസക്തമല്ലാത്ത വിവരം മറച്ചുവെക്കാനും സാധ്യമാകുന്ന സ്വകാര്യതാ സുരക്ഷാ സംവിധാനങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. ആപ്പ് എപ്പോൾ പുറത്തിറങ്ങുമെന്ന് യുഐഡിഎഐ കൃത്യമായി വ്യക്തമാക്കിയിട്ടില്ല.
നിയമപരമായി രജിസ്റ്റർ ചെയ്ത ഏതൊരു സ്ഥാപനത്തിനും ഓഫ്‌ലൈൻ വെരിഫിക്കേഷൻ സീക്കിംഗ് എന്റിറ്റി" (OVSE) ആകുന്നതിന് അപേക്ഷിക്കാം. തുടർന്ന് ഒരു വ്യക്തിയെ പരിശോധിക്കുന്നതിന് ആവശ്യമായ ക്യൂആറും ആപ്പ് അധിഷ്ഠിത സാങ്കേതികവിദ്യയും സംയോജിപ്പിക്കേണ്ടിവരും. ഇതിനായി സ്ഥാപനങ്ങളിൽ നിന്ന് ഫീസ് ഈടാക്കും.
ഹോട്ടലുകളിൽ പരിശോധന, ഗേറ്റഡ് കമ്മ്യൂണിറ്റികളിലും ഓഫീസുകളിലും പ്രവേശനം, സ്റ്റേഡിയങ്ങളിലും പരിപാടികളിലും പ്രവേശനം. പരീക്ഷകൾക്കായി വിദ്യാർത്ഥികളുടെ ഐഡന്റിറ്റി പരിശോധിക്കൽ, ആശുപത്രി പ്രവേശനം, ഡെലിവറി അല്ലെങ്കിൽ ഗാർഹിക ജീവനക്കാരുടെ പരിശോധന എന്നിവക്ക് ഈ സംവിധാനം ഉപയോഗിക്കാം. പുറമെ, ടിക്കറ്റ് എടുത്ത യാത്രയ്ക്കുള്ള ഡിജി യാത്രാ രീതിയിലുള്ള സംവിധാനവും പരിശോധിക്കുന്നു.
ആധാർ കാർഡിന്റെ ഭൗതിക പകർപ്പുകൾ ഉപയോക്താക്കൾ കൈവശം വയ്ക്കേണ്ടതില്ലാത്തതിനാൽ, ഓഫ്‌ലൈൻ ആധാർ പരിശോധന സ്വകാര്യത മെച്ചപ്പെടുത്തുമെന്നാണ് യുഐഡിഎഐ വാദം. എന്നാൽ, ദൈനംദിന പ്രവർത്തനങ്ങൾക്കായി ഉപയോക്താക്കളോട് ആധാർ പങ്കിടാൻ ആവശ്യപ്പെടുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്നും വിമർശനമുയർന്നു.