ചെങ്കോട്ട സ്ഫോടനത്തിലെ മാസ്റ്റർ മൈൻഡ്, മുസമ്മലിനെ നിയന്ത്രിച്ച 'ഉകാസ'? 2012 ൽ രാജ്യം വിട്ട കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലെന്ന് നിഗമനം

Published : Nov 21, 2025, 11:13 AM IST
delhi blast ukasa

Synopsis

28 കാരനായ ഇയാൾ 2012 ൽ ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ രാജ്യം വിട്ടെന്നാണ് വ്യക്തമാകുന്നത്. രാമേശ്വരം കഫേ, മംഗളൂരു, കൊയമ്പത്തൂര്‍ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തിയ പ്രതികളെ വിദേശത്തിരുന്ന് നിയന്ത്രിച്ചത് ഫൈസലായിരുന്നു

ദില്ലി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തില മാസ്റ്റര്‍ മൈൻഡ് എന്ന് കരുതപ്പെടുന്ന 'ഉകാസ'യെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന. കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലാണ് 'ഉകാസ' എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. 28 കാരനായ ഇയാൾ 2012 ൽ ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ രാജ്യം വിട്ടെന്നാണ് വ്യക്തമാകുന്നത്. രാമേശ്വരം കഫേ, മംഗളൂരു, കൊയമ്പത്തൂര്‍ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തിയ പ്രതികളെ വിദേശത്തിരുന്ന് നിയന്ത്രിച്ചത് ഫൈസലായിരുന്നു. ചെങ്കോട്ട സ്ഫോടനം നടത്തിയ മുസമ്മിലിനെ നിയന്ത്രിച്ചിരുന്ന ഉകാസയും ഇയാൾ തന്നെയാണെന്നാണ് ദേശീയ അന്വഷണ ഏജൻസി കണക്കുകൂട്ടുന്നത്. ഇയാൾ തന്നെയാണ് വൈറ്റ് കോളർ ഭീകര സംഘത്തെയും നിയന്ത്രിച്ചിരുന്നതായും സൂചനയുണ്ട്.

അഫ്ഗാനിൽ പരിശീലനം ലഭിച്ചു?

അതേസമയം ചെങ്കോട്ട സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം കിട്ടിയതായി സംശയമുണ്ട്. പിടിയിലായ മുസമ്മീൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നതിന്റെ ചില സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പാക് തീവ്രവാദ സംഘടനകളായ ജെയ്‌ഷെ മുഹമ്മദിനും ഐ എസ് ശാഖയായ അൻസാർ ഗസ്വാത് അൽഹിന്ദിനും വേണ്ടിയാണ് ഉമർ നബിയും അറസ്റ്റിലായ ഡോക്ടർമാരും പ്രവർത്തിച്ചതെന്ന് വ്യക്തമായി. തുർക്കി അങ്കാറയിൽ നിന്നുള്ള ‘ഉകാസ’ എന്ന കോഡ് നാമത്തിലറിയപ്പെടുന്ന വ്യക്തി ഡോക്ടർമാരുടെയും ജെയ്ഷിന്റെയും അൻസാറിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചെന്നും വ്യക്തമായിട്ടുണ്ട്. വിദേശത്ത് നിന്നും ഭീകരർ ബോംബ് നിർമ്മാണത്തിന്റെ വീഡിയോകൾ ഡോക്ടർമാർക്ക് അയച്ചു കൊടുത്തു. ഇങ്ങനെയാണ് ബോംബ് നിർമ്മിച്ചതെന്നാണ് വിവരം. വിദേശത്തു നിന്ന് സ്ഫോടനം നിയന്ത്രിച്ച മൂന്ന് ഭീകരരുടെ പേരുകളാണ് ഏജൻസികൾക്ക് കിട്ടിയത്. ഇതിൽ ഉകാസ എന്നയാളാണ് തുർക്കി, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് മുസമ്മീലിനെ കൊണ്ടു പോയത്. ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ മിർസ ഷദാബ് ബെയിഗിൻറെ പങ്കും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിനു ശേഷം ഒളിവിൽ പോയ ഭീകരനാണ് ബെയിഗ് ഇയാൾ അൽഫലാഹ് എഞ്ചിനീയറിംഗ് കൊളെജിലാണ് പഠിച്ചത്.

ചോദ്യം ചെയ്യാൻ 10 ദിവസം

അതേസമയം ചെങ്കോട്ട സ്ഫോടന കേസിൽ എൻ ഐ എ ഇന്നലെ അറസ്റ്റ് ചെയ്ത നാല് പേരെ കോടതി ചോദ്യം ചെയ്യാൻ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഡോ. മുസമ്മിൽ ഷഹീൻ, ഡോ. അദീൽ അഹമ്മദ്, വനിതാ ഡോ. ഷഹീൻ സയ്ദ്, മുഫ്തി ഇർഫാൻ അഹമ്മദ് എന്നിവരെയാണ് പത്ത് ദിവസം ചോദ്യം ചെയ്യാൻ എൻ ഐ എക്ക് കസ്റ്റഡി അനുവദിച്ചത്. പതിനഞ്ച് ദിവസത്തെ കസ്റ്റഡിയാണ് എൻ ഐ എ ആവശ്യപ്പെട്ടത്. നേരത്തെ അമീർ റാഷിദ് അലി, ജസീർ ബിലാ വാനി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ആകെ 6 പേരുടെ അറസ്റ്റാണ് ഇതുവരെ കേസിൽ എൻ ഐ എ രേഖപ്പെടുത്തിയത്.

PREV
Read more Articles on
click me!

Recommended Stories

ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ
രാഹുൽ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്, ജെബി മേത്തറെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്