
ബസ്തി: ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ ഒരു വിവാഹ ചടങ്ങിനിടെ നാടകീയ രംഗങ്ങൾ. വിവാഹബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ലാത്ത ഭർത്താവ് രണ്ടാമത് വിവാഹം കഴിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഒന്നാം ഭാര്യ വിവാഹ പന്തലിലെത്തി ചടങ്ങ് തടസ്സപ്പെടുത്തി. മാലയിടീൽ ചടങ്ങിന് ശേഷം വരനായ വിനയ് ആനന്ദ് ശർമ്മ ഇരുന്ന ഉടൻ തന്നെ ഒന്നാം ഭാര്യയായ രേഷ്മ, കുടുംബാംഗങ്ങളോടൊപ്പം വിവാഹ വേദിയിലേക്ക് കടന്നുവരികയായിരുന്നു.
രേഷ്മ സ്റ്റേജിൽ കയറി വിനയുമായുള്ള തൻ്റെ വിവാഹ ഫോട്ടോകൾ എല്ലാവരെയും കാണിക്കുകയും വരനെതിരെ ആഞ്ഞടിക്കുകയും ചെയ്തതോടെ വിവാഹം തടസ്സപ്പെട്ടു. വിനയ് തൻ്റെ അക്കൗണ്ടിൽ നിന്ന് വലിയ തുകകൾ എടുത്തതായും, തൻ്റെ പേരിൽ കാറിന് ധനസഹായം നൽകിയതായും രേഷ്മ ആരോപിച്ചു. ഗുജറാത്തിലെ അങ്ക്ലേശ്വർ സ്വദേശിനിയാണ്. പഠനകാലത്താണ് രേഷ്മയും വിനയും പ്രണയത്തിലാവുന്നത്. 2022 മാർച്ച് 30-ന് കോടതി വഴി വിവാഹിതരായ ഇവർ പിന്നീട് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആഘോഷപരമായ ചടങ്ങുകളും നടത്തിയിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടാവുകയും വിവാഹമോചന കേസ് ആരംഭിക്കുകയും ചെയ്തു. എങ്കിലും, നിയമപരമായ വേർപിരിയൽ പൂർത്തിയായിരുന്നില്ല.
വിവാഹമോചന കേസ് നിലനിൽക്കെയാണ് ഗ്രാമത്തിൽ തിരിച്ചെത്തിയ വിനയിക്ക് വീട്ടുകാർ രണ്ടാമത്തെ വിവാഹം നിശ്ചയിച്ചത്. രേഷ്മ വിവരമറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു. വിവരമറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ വിവാഹവേദിയിലെത്തി ഇരുപക്ഷത്തെയും സമാധാനിപ്പിക്കുകയും വരനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. "മറ്റൊരു സംസ്ഥാനത്തുനിന്നുള്ള ഒരു സ്ത്രീ, വിവാഹമോചന കേസ് നിലനിൽക്കെ തൻ്റെ ഭർത്താവ് രണ്ടാമതും വിവാഹം കഴിക്കാൻ ശ്രമിച്ചു എന്ന് കാണിച്ച് പരാതി നൽകിയിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാകുന്നതുവരെ വിവാഹവുമായി മുന്നോട്ട് പോകേണ്ടെന്ന് ഇരു പാർട്ടികളും സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.