
ദില്ലി: യുക്രൈനിൽ (Ukraine) കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ അടുത്ത 24 മണിക്കൂറിനുള്ളിൽ 16 വിമാനങ്ങൾ കൂടി സർവ്വീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം (MEA).ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് ഇതുവരെ ഒഴിപ്പിക്കാൻ സാധിച്ചതായും മന്ത്രാലയം അറിയിച്ചു.
''24 മണിക്കൂറിനിടെ എണ്ണായിരം പേരെ കൂടി ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനായി. കുടുങ്ങിക്കിടക്കുന്നവരെ അതിർത്തികളിലെത്തിക്കാൻ കൂടുതൽ ബസുകൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണ്''. സ്പെഷ്യൽ ട്രെയിനുകൾക്കായി യുക്രൈനോട് അഭ്യർത്ഥിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
''ഔദ്യോഗിക കണക്കുകളനുസരിച്ച് സുമിയിൽ എഴുനൂറിലേറെ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നുണ്ട്. 300 പേർ കർഖീവിലും, 900 പേർ പിസോച്ചിനിലും കുടുങ്ങിയിട്ടുണ്ട്. എല്ലാവരെയും പുറത്തെത്തിക്കും വരെ രക്ഷാദൗത്യം തുടരുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഓപ്പറേഷൻ ഗംഗ മിഷൻ വഴി ഇതുവരെ 48 വിമാനങ്ങൾ സർവീസ് നടത്തിയിട്ടുണ്ട്. സംഘർഷം അവസാനിക്കാതെ രക്ഷാദൗത്യം സുഗമമാകില്ല''. യുക്രൈനോടും, റഷ്യയോടും വെടിനിർത്തലിന് ഇന്ത്യ അഭ്യർത്ഥിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
യുക്രൈനിൽ ഒരു വിദ്യാർത്ഥിയും ബന്ദിയാക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രാലയം, വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും അദ്ദേഹത്തിന്റെ അടുത്തെത്താൻ ശ്രമം തുടരുന്നതായും അറിയിച്ചു. സംഘർഷ മേഖലയായതിനാൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ട്. എത്രയും പെട്ടെന്ന് അവിടേക്ക് എത്താൻ കഴിയുമെന്നാണ് കരുതുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
<
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam