സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോര്‍ക്കയുടെ കണക്ക്. പിസോച്ചിനിലും രക്ഷാകരത്തിനായി കാത്തിരിക്കുന്നത് മലയാളികള്‍ ഉള്‍പ്പടെ ആയിരത്തിലേറെ ഇന്ത്യക്കാരാണ്. 

ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ ഗംഗ (Operation Ganga) ദൗത്യം പുരോഗമിക്കുമ്പോഴും കിഴക്കന്‍ യുക്രൈനിലെ (Ukraine)നഗരങ്ങളില്‍ മലയാളികളടക്കം നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു. യുക്രൈൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോള്‍ കര്‍ഖീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ യുക്രൈന്‍ നഗരങ്ങളിലാണ് കൂടുതൽ പേരും കുടുങ്ങിക്കിടക്കുന്നത്. സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോര്‍ക്കയുടെ കണക്ക്. പിസോച്ചിനിലും രക്ഷാകരത്തിനായി കാത്തിരിക്കുന്നത് മലയാളികള്‍ ഉള്‍പ്പടെ ആയിരത്തിലേറെ ഇന്ത്യക്കാരാണ്. 

കിഴക്കന്‍ യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ട് പടിഞ്ഞാറന്‍ യുക്രൈനില്‍ എത്തിച്ചേരുന്നവർക്ക് എവിടേക്ക് പോകണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഉള്ള ആശയക്കുഴപ്പമുണ്ട്. വിദേശകാര്യമന്ത്രാലയം നേരത്തെ നല്‍കിയ ഫോണ്‍ നമ്പറുകള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്ന വ്യാപക പരാതികള്‍ കിട്ടിയതായി കേരള സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി വേണു രാജാമണി പറഞ്ഞു.

കിഴക്കന്‍ യുക്രൈനിലെ രക്ഷാ ദൗത്യം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മൂന്നാമതും ഉന്നത തല യോഗം വിളിച്ചു. രക്ഷാദൗത്യത്തിനായി നിയോഗിച്ച മന്ത്രിമാരര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച പ്രധാനമന്ത്രി, റഷ്യ വഴിയുള്ള ഒഴിപ്പിക്കല്‍ സാധ്യത വീണ്ടും വിലയിരുത്തി. രക്ഷാദൗത്യത്തിന് സജ്ജമാകാന്‍ വ്യോമസനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റഷ്യന്‍ നിര്‍മ്മിത ഐഎല്‍ 76 വിമാനം ഇതിനായി സജ്ജമാക്കിയതായി വ്യോമ സേന വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെ അനുമതി കിട്ടിയാല്‍ വിമാനങ്ങള്‍ പുറപ്പെടും. 

ഇതിനിടെ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ റഷ്യ തയ്യാറാക്കിയതായി റഷ്യന്‍ വാർത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കര്‍ഖിവ്, സുമി എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ ബല്‍ഗറോഡ് മേഖലവഴി രക്ഷപ്പെടുത്താനാണ് പദ്ധതിയെന്ന് റഷ്യന്‍ സര്‍ക്കാരിനെ ഉദ്ധരിച്ചാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. 


ഇന്ത്യൻ പൌരന്മാരുടെ ഒഴിപ്പിക്കൽ തുടരുന്നു, ഇന്ന് രക്ഷാ ദൗത്യത്തില്‍ പങ്കെടുത്തത് 14 വിമാനങ്ങള്‍ 

ദില്ലി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുന്നു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ന് 14 വിമാനങ്ങള്‍ രക്ഷാദൗത്യത്തില്‍ പങ്കെടുത്തു. മൂന്ന് വ്യോമസേന വിമാനങ്ങള്‍ വഴി 630 പേരെയാണ് യുക്രൈനില്‍ നിന്ന് രാജ്യത്തെത്തിയത്. ദില്ലിയിലെത്തിയ 360 മലയാളി വിദ്യാര്‍ത്ഥികള്‍ ഇന്ന് കേരളത്തിലെത്തും.

യുക്രൈനില്‍ കുടുങ്ങി കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാനുള്ള ഓപ്പറേഷന്‍ ഗംഗ പദ്ധതി കൂടുതല്‍ ഊർജ്ജിതമാക്കുകയാണ് കേന്ദ്ര സർ‍ക്കാര്‍. മാര്‍ച്ച് പത്തിനുള്ളില്‍ 80 വിമാനങ്ങള്‍ രക്ഷാദൗത്യത്തിനായി നിയോഗിക്കും. കൂടുതല്‍ വ്യോമസേന വിമാനങ്ങളും രക്ഷാദൗത്യത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വ്യോമസേന ഇന്ത്യയില്‍ എത്തിച്ച 630 പേരില്‍ 54 പേര്‍ മലയാളി വിദ്യാര്‍ത്ഥികളാണ്. ഹങ്കറി, റൊമേനിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇവരെ ഇന്ത്യയിലെത്തിക്കാനായത്. ചില വിദ്യാര്‍ത്ഥികള്‍ യുക്രൈന്‍ അതിര്‍ത്തി കടന്ന് വാര്‍ഷോയില്‍ എത്തിയെങ്കിലും പോളണ്ടിലെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി വികെ സിങ് പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ പതിനൊന്ന് യാത്ര വിമാനങ്ങള്‍ രക്ഷാദൗത്യത്തില്‍ പങ്കെടുക്കും. നാല് വ്യോമസേന വിമാനങ്ങളും ഇതൊടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്.