സഹകരണരംഗത്ത് സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്ന് അമിത് ഷാ: ഊരാളുങ്കലും സഹകരണ ആശുപത്രിയും മികച്ച മാതൃക

By Asianet MalayalamFirst Published Sep 25, 2021, 4:09 PM IST
Highlights

കേന്ദ്രസർക്കാരിന്‍റെ  ഭരണഘടനപരമായ അധികാരത്തെ കുറിച്ച് വിശദീകരിക്കാന്‍ തയ്യാറാണ്. പക്ഷെ സംസ്ഥാനങ്ങളുമായി തർക്കത്തിനില്ല.സംസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകും - അമിത് ഷാ പറഞ്ഞു.

ദില്ലി: സഹകരണ മന്ത്രാലയ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്ന് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ. പുതിയ സഹകരണ നയം കേന്ദ്രസർക്കാര്‍ ഉടൻ പ്രഖ്യാപിക്കും. ഊരാളുങ്കലും കോഴിക്കോട് സഹകരണ ആശുപത്രിയും സഹകരണ രംഗത്തെ മികച്ച മാതൃകകളാണെന്നും ആദ്യ ദേശീയ സഹകരണ യോഗത്തില്‍ അമിത് ഷാ പറഞ്ഞു

സഹകരണ വകുപ്പിന്‍റെ ആദ്യ മന്ത്രിയായി തന്നെ തെരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ് തുടങ്ങിയ അമിത് ഷാ സഹകരണ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കി. സംസ്ഥാനങ്ങളെ സഹായിക്കാനാണ് സഹകരണ മന്ത്രാലയമെന്നും അമിത് ഷാ പറഞ്ഞു

കേന്ദ്രസർക്കാരിന്‍റെ  ഭരണഘടനപരമായ അധികാരത്തെ കുറിച്ച് വിശദീകരിക്കാന്‍ തയ്യാറാണ്. പക്ഷെ സംസ്ഥാനങ്ങളുമായി തർക്കത്തിനില്ല.സംസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകും - അമിത് ഷാ പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിൽ മൂന്ന് ലക്ഷം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ രൂപികരിക്കുമെന്നും സംസ്ഥാനന്തര സഹകരണ സംഘങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. 

സഹകരണ രംഗത്തെ വിജയഗാഥകളില്‍ കേരളത്തിലെ സ്ഥാപനങ്ങളും അമിത് ഷാ ഉൾപ്പെടുത്തി. ഈ കൂട്ടത്തിലാണ്  ഊരാളുങ്കല്‍ ലേബർ കോർപ്പറേഷനേയും കോഴിക്കോട് സഹകരണ ആശുപത്രിയേയുമെല്ലാം വിജയകരമായ മാതൃകകളായി അദ്ദേഹം പരാമർശിച്ചത്. സഹകരണ സംഘങ്ങളിലെ ക്രമക്കേട് തടയുമെന്നും  നബാര്‍ഡുമായി ബന്ധിപ്പിക്കുന്ന സോഫ്ട്‍വെയര്‍ ഇതിനായി നിര്‍മ്മിക്കുമെന്നും പരിപാടിയില്‍ അമിത് ഷാ പറഞ്ഞു
 

click me!