ഇന്ത്യയുടെ ഐടി ചട്ടങ്ങളിൽ ആശങ്കയറിച്ച് ഐക്യരാഷ്ട്രസഭ; തിരുത്തണമെന്ന് അഭ്യര്‍ത്ഥന

Published : Jun 19, 2021, 12:15 PM IST
ഇന്ത്യയുടെ ഐടി ചട്ടങ്ങളിൽ ആശങ്കയറിച്ച് ഐക്യരാഷ്ട്രസഭ; തിരുത്തണമെന്ന് അഭ്യര്‍ത്ഥന

Synopsis

ട്വിറ്റര്‍ ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ കേന്ദ്രം പിടിമുറുക്കുമ്പോഴാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ. അതിനിടെ ട്വിറ്ററിനൊപ്പം ഫേസ്ബുക്, യൂട്യൂബ് പ്രതിനിധികളെ വിളിച്ചുവരുത്താനുള്ള നീക്കങ്ങൾ പാര്‍ലമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റി തുടങ്ങി.  

ദില്ലി: കേന്ദ്ര സര്‍ക്കാര‍ിന്റെ ഐ ടി ചട്ടങ്ങളിൽ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. അഭിപ്രായസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഐ ടി ചട്ടങ്ങളിൽ ഇന്ത്യ മാറ്റം വരുത്തണമെന്ന് ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥിച്ചു. ട്വിറ്റര്‍ ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ കേന്ദ്രം പിടിമുറുക്കുമ്പോഴാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ. അതിനിടെ ട്വിറ്ററിനൊപ്പം ഫേസ്ബുക്, യൂട്യൂബ് പ്രതിനിധികളെ വിളിച്ചുവരുത്താനുള്ള നീക്കങ്ങൾ പാര്‍ലമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റി തുടങ്ങി.

ഇന്ത്യ നടപ്പാക്കുന്ന ഐ ടി ചട്ടങ്ങളിലെ പല നിര്‍ദ്ദേശങ്ങളും മനുഷ്യാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനം. ഇതിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് കൈമാറിയ ഏഴുപേജുള്ള കത്തിൽ ഐക്യരാഷ്ട്ര പ്രതിനിധികൾ വ്യക്തമാക്കുന്നു. ചില അനാവശ്യ കടപ്പാടുകളുടെ പേരിലാണ് വലിയ മനുഷ്യാവകാശ ലംഘനങ്ങളെന്ന നിരീക്ഷണവും ഐക്യരാഷ്ട്രസഭ നടത്തുന്നു.  വംശീയവും ജാതിയവുമായ അധിക്ഷേപം, ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണി, ആൾമാറാട്ടം, കുട്ടികൾക്ക് ദോഷകരം തുടങ്ങിയ ചട്ടങ്ങളിലെ പ്രയോഗങ്ങളുടെ അര്‍ത്ഥവ്യാപ്തി എത്രമാത്രമെന്ന് വ്യക്തമല്ല. എത്ര വിശാലമായും ഇതിനെ വ്യാഖ്യാനിക്കാം. ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളിലും കടുത്ത ആശങ്കയാണെന്ന് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെടുന്നു. 

അതേസമയം പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് പുതിയ ചട്ടങ്ങൾ ഉണ്ടാക്കിയതെന്ന മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭക്ക് നൽകിയത്. ഐടി ചട്ടം നടപ്പാക്കിയില്ലെങ്കിൽ ട്വിറ്ററിനെ സംരക്ഷണമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ. 

ട്വിറ്റര്‍ പ്രതിനിധികളെ ഇന്നലെ പാര്‍ലമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റിയും വിളിച്ചുവരുത്തിയിരുന്നു. ഐടി ചട്ടങ്ങൾ നടപ്പാക്കുന്നതിൽ രേഖാമൂലമുള്ള ഉറപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് സൂചന.  ട്വിറ്ററിന് പിന്നാലെ ഗൂഗിൾ, ഫേസ്ബുക് പ്രതിനിധികളെയും വിളിച്ചുവരുത്താൻ പാര്‍ലമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരും പാര്‍ലമെന്‍ററി സമിതിയും സാമൂഹ്യമാധ്യമങ്ങളിൽ പിടിമുറിക്കുമ്പോൾ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലോടെ വിഷയം അന്താരാഷ്ട്രതലത്തിലും ചര്‍ച്ചയാവുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിദ്യാർത്ഥികൾ ഭീകരവാദികളല്ല, സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം: അഭിജിത്ത് ദീപ്കെ
'ഞാൻ നാലുമാസമായി റഷ്യയിലാണ്, നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് പറഞ്ഞ് കേസെടുത്തു'; ആരോപണവുമായി യുവാവ്