
ദില്ലി: ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട ടീസ്ത സെതല്‍വാദിന്‍റെ അറസ്റ്റില്‍ ഇടപെട്ട് യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍. ടീസ്തയേയും രണ്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉടന്‍ വിട്ടയക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ടീസ്തയുടെ അറസ്റ്റിനെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അപലപിച്ചു.
ടീസ്ത സെതല്‍വാദിന്‍റയും,ആർ.ബി.ശ്രീകുമാറിന്‍റെയും അറസ്റ്റ് അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാകുകയാണ് .ടീസ്തയുടെയും മറ്റുള്ളവരുടെയും അറസ്റ്റും അനുബന്ധ നടപടികളും ആശങ്കയുണ്ടാക്കുന്നുവെന്ന് യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതികരിച്ചു. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ അവരെ പീഡിപ്പിക്കരുതെന്നും എത്രയും വേഗം വിട്ടയക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. നവംബറില്‍ ചേരുന്ന ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലിന്റെ അവലോകന യോഗത്തിലും ഈ വിഷയം ഉന്നയിക്കും.
നേരത്തെ കശ്മീർ പുനഃസംഘടന, പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. പാകിസ്ഥാന്‍റെ നിയന്ത്രണത്തിലാണ് മനുഷ്യാവകാശ കൗണ്‍സിലെന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. ടീസ്ത വിഷയത്തിലും മനുഷ്യാവകാശ കൗണ്‍സിലിന്‍റെ നിലപാടിനെതിരെ ഇന്ത്യ പ്രതികരിച്ചേക്കും. അതേസമയം അറസ്റ്റില്‍ കോണ്‍ഗ്രസ് മൗനം തുടരുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ മമത ബാനര്‍ജി കുറ്റപ്പെടുത്തി. സത്യം പറയുന്നവരെയും സത്യത്തിനായി പ്രവര്‍ത്തിക്കുന്നവരേയും കേന്ദ്രം നിശ്ശബ്ദരാക്കുകയാണന്ന് മമത ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam