
ഗാന്ധിനഗർ: വ്യാജ ജാതി സർട്ടിഫിക്കറ്റുമായി സർക്കാർ ജോലി തരപ്പെടുത്തി അണ്ടർ സെക്രട്ടറിയായി. ഗുജറാത്തിൽ നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറിയെ പുറത്താക്കി. ലക്ഷ്മി കട്ടാരിയ എന്ന അണ്ടർ സെക്രട്ടറിയാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ളയാളാണെന്ന് വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകി ജോലിക്ക് കയറിയത്. സെക്ഷൻ ഓഫീസറായാണ് ഇവർ ജോലിക്ക് കയറിയത്. എസ് സി വിഭാഗത്തിലുള്ളവർക്കുള്ള പ്രവേശന പരീക്ഷയിലൂടെയാണ് ഇവർ ജോലി തരപ്പെടുത്തിയത്.
പിന്നീട് ഇവർ സാമ്പത്തിക വകുപ്പിലേക്കും പിന്നീട് നിയമ വകുപ്പിൽ അണ്ടർ സെക്രട്ടറിയായും നിയമിതയാവുകയുമായിരുന്നു. ഗുജറാത്ത് സർക്കാരിന്റെ പൊതുഭരണ വകുപ്പാണ് 2018ലെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിലെ അപാകതകൾ സംബന്ധിച്ച നിയമ പ്രകാരം ഇവരെ സർവ്വീസിൽ നിന്ന് പുറത്താക്കിയത്. ലക്ഷ്മിയുടെ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വെരിഫിക്കേഷനിൽ വ്യക്തമായിരുന്നു. നിയമ പഴുതുകളാണ് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി തേടാൻ ഇവർ ഉപയോഗിച്ചത്.
2018ലെ നിയമം അനുസരിച്ച് വ്യാജ സർട്ടിഫിക്കറ്റ് ജോലിക്ക് കയറിയ ശേഷം വെരിഫിക്കേഷനിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞാൽ ഉദ്യോഗാർത്ഥിക്ക് ജോലി നഷ്ടമാകും. ഇതിന് പിന്നാലെ ക്രിമിനൽ കേസും നേരിടേണ്ടതായും വരാറുണ്ട്. അടുത്തിടെയാണ് സൂറത്ത് സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ബി എം ചൌധരിയെ ഇത്തരത്തിൽ സർവ്വീസിൽ നിന്ന് പുറത്താക്കിയിരുന്നു. ഇയാളും ആദിവാസിയാണെന്ന് വ്യക്തമാക്കിയാണ് സർട്ടിഫിക്കറ്റ് സമർപ്പിച്ചത്. പിന്നീട് ഇത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം