മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് എത്തുന്നു: ആദായ നികുതിയിളവ് പ്രതീക്ഷിച്ച് രാജ്യം

By Web TeamFirst Published Jan 27, 2020, 6:29 AM IST
Highlights

പതിനൊന്ന് വര്‍ഷത്തെ ഏറ്റവും താണ നിലയിലേക്ക് രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കൂപ്പുകുത്തുമെന്ന ഐഎംഎഫ് വിലയിരുത്തലിന് പിന്നാലെയാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റെത്തുന്നത്. 

ദില്ലി: സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം നീങ്ങുമ്പോള്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ രണ്ടാം ബജറ്റില്‍ ആദായ നികുതിയിളവാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ചെറുകിട, ബാങ്കിങ് ഇതര രംഗത്തിനും ഇളവ് നല്‍കിയേക്കാം. കഴിഞ്ഞ ബജറ്റിന് ശേഷമുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി സാമ്പത്തിക രംഗത്ത് വിശ്വാസം ആർജ്ജിക്കാനുള്ള നടപടികളിലേക്ക് പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചേക്കും 

പതിനൊന്ന് വര്‍ഷത്തെ ഏറ്റവും താണ നിലയിലേക്ക് രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കൂപ്പുകുത്തുമെന്ന ഐഎംഎഫ് വിലയിരുത്തലിന് പിന്നാലെയാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റെത്തുന്നത്. കാര്‍ഷിക മേഖലയിലെ തകര്‍ച്ച, തൊഴിലില്ലായ്മ, നിക്ഷേപകരുടെ പിന്‍മാറ്റമെന്നിവ മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഘണ്ഡ് തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയായെന്ന വിലയിരുത്തല്‍ സര്‍ക്കാരിനുണ്ട്. കോര്‍പ്പറേറ്റുകള്‍ക്ക് ഇളവ് നല്‍കിയതിന് പിന്നാലെ ഇടത്തരക്കാരെ ലക്ഷ്യമിട്ട് ആദായ നികുതിദായകര്‍ക്കുള്ള ഇളവ് ഇക്കുറിയുണ്ടായേക്കും.

നികുതി ഇളവിന്‍റെ പരിധി ഉയര്‍ത്തുകയോ വിവിധ സ്ലാബുകള്‍ കുറയ്ക്കുകയോ ആകാം. സെക്ഷന്‍ 80 സിയുടെ പരിധി രണ്ടര ലക്ഷമായി ഉയര്‍ത്തിയേക്കും. ഇതിലൂടെ ഉപഭോഗം വര്‍ധിക്കുമെന്നും വിപണിയില്‍ ഉണര്‍വുണ്ടാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ക്ഷേമ പദ്ധതികളിലൂടെയും അടിസ്ഥാന സൗകര്യ വിസനത്തിലൂടെയും താഴേക്കിടയിലേക്ക് കൂടുതല്‍ പണമെത്തിക്കാനുള്ള പദ്ധതികള്‍ ഇക്കുറിയും ഉണ്ടാകും. വാഹന, ഹൗസിങ്, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും പ്രത്യേക ഇളവ് പ്രതീക്ഷിക്കുന്നു. ഇറക്കുമതി തീരുവ കൂട്ടണമെന്ന വാണിജ്യ മന്ത്രാലയ ശുപാര്‍ശയില്‍ ചിലത് അംഗീകരിക്കാനിടയുണ്ട്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ തീരുവയാവും ഉയര്‍ത്തുക. 
 

click me!